ഇതെന്റെ ഒരു കൊച്ചു ലോകം...
എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ആരോടെങ്കിലുമൊക്കെ പറയാനുള്ള സ്ഥലം... അത്രയേ ഉള്ളു എനിക്ക് ഇത്.
അല്ലാതെ ഞാന്‍ ഒരു വലിയ എഴുത്തുകാരനോ തത്വ ചിന്തകനോ ഒന്നും അല്ല.. ഇവിടെ സാഹിത്യത്തിനോ ശാസ്ത്രത്തിനോ ഒരു സ്ഥാനവും ഇല്ല. നിങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ തരാനും ഞാന്‍ ആളല്ല.. ഇവിടെ പറയുന്ന കാര്യങ്ങള്‍ വായിച്ചു നിങ്ങള്‍ നന്നാവും എന്നുള്ള പ്രതീക്ഷയും എനിക്കില്ല... കാരണം നിങ്ങളെ നന്നാക്കാനും വേണ്ടി ഞാന്‍ ഇവിടെ ഒന്നും പറയാന്‍ പോകുന്നില്ല...
എന്റെ ബ്ലോഗ്‌ വായിക്കണം എന്നുള്ളവര്‍ക്ക് വായിക്കാം, വേണ്ടാത്തവര്‍ക്ക് പോകാം. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം... :)

Friday, May 6, 2011

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി.

സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവിടെയും ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. അങ്ങനെ വിനു അളിയന്‍ നമുക്ക് രണ്ടാള്‍ക്കും ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു തന്നു. രണ്ടാള്‍ക്കും കൂടി 110 രൂപ ആയി. ഞാന്‍ ചുമ്മാ ജാടക്ക് പൈസ എടുത്തു കൊടുത്തു. പക്ഷെ അവന്‍ വാങ്ങിയില്ല. വീണ്ടും കത്തിയില്ലേ ഒരു നൂറു വാട്ട് ഹാലോജെന്‍ കൂടി. പിന്നെ ജോലിയെല്ലാം വളരെ പെട്ടെന്നായിരുന്നു. തീര്‍ക്കാനുള്ള ജോലിയെല്ലാം ടപ്പനെ തീര്‍ത്തു മെയിലും അയച്ചിട്ട് ഞാന്‍ ഇറങ്ങി. അഞ്ചര ആയപ്പോള്‍ ഭാര്യയുടെ ഓഫീസില്‍ എത്തി. അവളെയും വിളിച്ചു കൊണ്ട് നേരെ രാജധാനി കല്യാണ മണ്ഡപത്തിലേക്ക്. അവിടെയാണ് കല്യാണ പാര്‍ടി. അത് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ സമയം ആറേകാല്‍ ആയി. വണ്ടി എടുത്തുകൊണ്ടു ചെന്ന് കയറിയത് ഒരു പടുകൂറ്റന്‍ ട്രാഫിക്‌ ബ്ലോക്കില്‍. പിന്നെ എവിടെകൂടെയോക്കെയോ എടുത്തുകൊണ്ടു ഓടി തിയേറ്ററില്‍ എത്തിയപ്പോള്‍ സമയം ആറര കഴിഞ്ഞു. പടം തുടങ്ങി കാണുമോ ആവോ. പടം കൊള്ളാമായിരിക്കുമോ ആവോ. ഇത്രയും കഷ്ടപ്പെട് വന്നത് വെറുതെ ആവുമോ ആവോ എന്നിങ്ങനെയുള്ള പല പല ചോദ്യങ്ങളുമായി നമ്മള്‍ തിയേറ്ററില്‍ കയറി.

തിയേറ്ററില്‍ കയറി നമുക്കുള്ള സീറ്റില്‍ ഇരുന്നു. പടം തുടങ്ങി കഴിഞ്ഞിരുന്നു. അയ്യോ.. പ്രിത്വിരാജിനെകാണിച്ചോ.. ആ.. അറിയില്ല.. നമ്മള്‍ ചെന്ന് കയറിയപ്പോള്‍ കണ്ടത് സലിം കുമാറും നെടുമുടി വേണുവും തമ്മിലുള്ള സീന്‍സ് ആണ്. കൊള്ളാം. പടം കുഴപ്പമില്ല എന്ന് തോന്നി. ഇല്ല, നായകനെ ഇതുവരെ കാണിച്ചിട്ടില്ല. അപ്പോള്‍ സന്തോഷം തോന്നി. കുറച്ചു സമയം കൂടി വേണ്ടി വന്നു നായകന് രംഗപ്രവേശം ചെയ്യാന്‍. വളരെ മനോഹരമായ ഒരു സീനില്‍ ആണ് രംഗപ്രവേശം. എത്ര ലളിതമായാണ് അത് കാണിച്ചിരിക്കുന്നത്. ഇത്രയും സിമ്പിള്‍ ആയ ഒരു ഇന്ട്രോടക്ഷന്‍ സീന്‍ കുറെ കാലത്തിനു ശേഷം ഞാന്‍ ഇന്നാണ് കാണുന്നത്. ഒരു ബസില്‍ നിന്നും നായകന്‍ ഒരു സാധാരണകാരനെ പോലെ ഇറങ്ങി വരുന്നു. ലളിതമായ അവതരണം.
അവിടന്ന് പിന്നെ സിനിമ അതിന്റെ കഥയിലേക്ക് കടക്കുന്നു. ഒരു ഗ്രാമത്തിലെ നശിക്കാറായ ഒരു സര്‍ക്കാര്‍ സ്കൂളും അവിടത്തെ കുട്ടികളും അധ്യാപകരും ആണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. നാശത്തിന്റെ വക്കില്‍ നിന്നും ആ സ്കൂളിനെ രക്ഷിചെടുക്കുന്നതും ഒരു കുട്ടിപോലും ജയിക്കാത്ത അവിടെ നിന്നും നൂറു മേനി വിജയം കൊയ്യുന്നതും എല്ലാവരാലും വെറുക്കപ്പെട്ട്‌ കിടന്ന ആ വിദ്യാലയത്തെ എല്ലാരുടെയും അഭിമാന സ്തംഭമാക്കി മാറ്റുന്നതും ആണ് കഥ. അതിനുവേണ്ടിയുള്ള വിനയചന്ദ്രന്‍ സാറിന്റെ പരിശ്രമം ആണ് ഇത് നിറയെ. വിനയചന്ദ്രന്‍ സാറിന്റെ പ്രവര്‍ത്തനങ്ങളോട് പുറം തിരിഞ്ഞു നിന്ന നാട്ടുകാരും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാരും എല്ലാം ഒടുവില്‍ വിനയചന്ദ്രന്‍ സാറിനെ അഭിനന്ദിക്കുന്ന കാഴ്ചകള്‍ വളരെ മനോഹരമായി ചിത്രീകരിചിരിക്കുന്നുണ്ട് ഈ സിനിമയില്‍. ചില രംഗങ്ങള്‍ നമ്മുടെ ഉള്ളില്‍ വേദന ഉണ്ടാക്കുന്നുണ്ട്. പടം തീരുമ്പോള്‍ ഒരു നല്ല സിനിമ കണ്ടതിന്റെ ആത്മ സന്തോഷം തോന്നി.



വിനയചന്ദ്രന്‍ മാഷായി അഭിനയിച്ച പ്രിഥ്വിരാജ് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. കൂടെ അഭിനയിച്ച നെടുമുടി വേണു, സംവൃത സുനില്‍, സലിം കുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ എല്ലാവരും വളരെയധികം മനോഹരമായി തങ്ങളുടെ ജോലി നിര്‍വ്വഹിച്ചിരിക്കുന്നു ഈ സിനിമയില്‍. പിന്നെ എടുത്തു പറയേണ്ടത് കുറെ കുട്ടികളുടെ അഭിനയമാണ്. സംവിധായകന്‍ അവരില്‍ അര്‍പ്പിച്ച വിശ്വാസം ശരിയാണെന്ന് വളരെയധികം നന്നായി അവര്‍ തെളിയിച്ചു. അതിനു സംവിധായകന്‍ എം. മോഹനന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

സംഘട്ടന രംഗങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍, ഒരു സൂപ്പര്‍ താരത്തിന്റെ പത്രാസുകള്‍ ഒന്നും ഇല്ലാത്തതിന്റെ പേരില്‍, തിയേറ്ററിനു ഉള്ളില്‍ ഇടിമുഴക്കം സൃഷ്ട്ടിക്കുന്ന പഞ്ച് ഡയലോഗുകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഇതിനെ ഒരു അവാര്‍ഡ്‌ സിനിമയായി ആരും ചിത്രീകരിക്കരുത്. ഒരു സര്‍ക്കാര്‍ സ്കൂളിനെ കുറിച്ച്, ഒരു ഗ്രാമത്തെ കുറിച്ച്, പരസ്പരം സ്നേഹിക്കപ്പെടെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാം പ്രതിപാദിക്കുന്ന ഒരു നല്ല സിനിമ. അതാണ്‌ മാണിക്യക്കല്ല്. ഇങ്ങനെയുള്ള നല്ല സിനിമകളെയാണ് നാം മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കേണ്ടത്.

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഞാനാണ്‌ ആ 100 വാള്‍ട്ട് ഹാലജന്‍ പ്രകാശം രാഹുലിന്റെ മുഖത്ത് പ്രകാശിപ്പിച്ച വിനയ കുലീനന്‍ . :)
    ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളം ആവുക ഉള്ളു എന്ന് ഞാന്‍ മനസിലാക്കുന്നു :(

    നന്നായാല്‍ മതി :)

    പിന്നെ മാണിക്യക്കല്ല്... രാഹുല്‍ അളിയന്‍ പറഞ്ഞത് പോലെ വളരെ ലളിതവും , സുന്ദരവും ആയി ചിത്രീകരിച്ച പടം. നാടിന്റെ നൊമ്പരവും, പുഞ്ചിരിയും ഒത്തു ചേര്‍ന്ന ജനകീയ സിനിമ. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും
    അഭിനന്ദനങള്‍...

    ReplyDelete
  3. അതൊക്കെ പോട്ടെ ...

    എന്റെ 110 രൂപ എപ്പോ തരും ? :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. കഴിഞ്ഞാഴ്ച tabloid ന്റെ ലാസ്റ്റ്പേജില്‍ ഒരു മുഴു മലയാളാത്തില്‍ ‘മാണിക്യക്കല്ലിന്റെ’ പരസ്യം കണ്ടപ്പോല്‍ ഇതൊന്നു കണ്ടു കളയാമെന്ന് കരുതിയതാ. നല്ലപാതി പത്രം തിരഞ്ഞു ഇതിവിടെ (സഫീര്‍ സിനിമ-മുസ്സഫ്ഫ-അബൂദാബി) കളിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു റിവ്യു വായിച്ച് പോകാമെന്നതിനാലാ ഇവിടെയെത്തിപ്പെട്ടത്. ഇനി പടം കണ്ട് ബാക്കി പറയാല്ലേ.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഒരു പൊട്ട പടം; ഇങ്ങിനെയുമുണ്ടോ സിനിമ പിടുത്തം. ആകെ ആറ് പെരുണ്ടായിരുന്നു; എല്ലാരും പടം തീരുന്നതിനെ മുന്നെ സീറ്റൊഴിഞ്ഞു. 75 ദിര്‍ഹം പോയതിലല്ല സങ്കടം. താങ്കളുടെ ‘നൂറുവാട്ട് ഹാലൊജന്‍’ റിവ്യു വായിച്ചാണ് പടം കാണാന്‍ തീരുമാനിക്കേണ്ടി വന്നതിലാണ്‍.

    ReplyDelete