Skip to main content

വശ്യം... സുന്ദരം...



മണ്‍സൂണ്‍... അതിനു എത്ര മാത്രം സൗന്ദര്യം ഉണ്ടെന്നു ഇപ്പോളാണ് എനിക്ക് മനസ്സിലായത്‌. അത് മനസ്സിലാക്കിച്ചു തന്നതാവട്ടെ ആലപ്പുഴ കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും. മഴയും കായലും ഒത്തുചേരുമ്പോള്‍ ഉണ്ടാവുന്ന സൗന്ദര്യം പറഞ്ഞരിയിക്കുവാനോ എഴുതി ഫലിപ്പിക്കുവാണോ പറ്റാത്ത ഒന്നാണ്. അത് നമ്മള്‍ സ്വയം അനുഭവിച്ചു തന്നെ അറിയണം. സഞ്ചാരം ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി, പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തീര്‍ച്ചയായും ഇങ്ങനെ ഒരു യാത്ര നടത്തിയിരിക്കണം. ഇല്ലെങ്കില്‍ അയാള്‍ അവയെ ഇഷ്ട്ടപ്പെടുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമാവില്ല. മൺസൂണിന്റെ വശ്യത അറിയാന്‍ ഏറ്റവും നല്ല മാര്‍ഗമായും എനിക്ക് തോന്നുന്നത് ഇങ്ങനെയുള്ള യാത്രകളാണ്. ഞാന്‍ ഒരു നല്ല സഞ്ചാരിയോ പ്രകൃതി സ്നേഹിയോ അല്ല, എന്നിട്ടും ഈ കായല്‍ യാത്ര എന്നെ വളരെയധികം ആകര്‍ഷിച്ചു. (ഞാനൊരു നല്ല എഴുത്തുകാരനും അല്ല.. അതും എനിക്കറിയാം)



ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് എന്റെ മൂന്നു കൂട്ടുകാരും അവരുടെ കുടുംബവും പിന്നെ എന്റെ എല്ലാമെല്ലാമായ എന്റെ ഭാര്യയും. അങ്ങനെ മൊത്തം ഒന്‍പതുപേര്‍. രണ്ടു കാറുകളില്‍ ആണ് നമ്മള്‍ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. ഏകദേശം ഉച്ചക്ക് 12 മണിയായപ്പോള്‍ നമ്മള്‍ ആലപ്പുഴയില്‍ എത്തി. ലോകപ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുമ്പോള്‍ ഫിനിഷിംഗ് പോയിന്റ്‌ ആയി നിശ്ചയിച്ചിട്ടുള്ള സ്ഥലത്താണ് നമ്മള്‍ എത്തിയത്. ആ സ്ഥലം അറിയപ്പെടുന്നത് തന്നെ ഫിനിഷിംഗ് പോയിന്റ്‌ എന്നാണ്. പുലിക്കാട്ടില്‍ ടൂറിസം ഗ്രൂപ്പിന്റെ ഹൗസ് ബോട്ടാണ് നമ്മള്‍ യാത്ര പുറപ്പെടാന്‍ വേണ്ടി തിരഞ്ഞെടുത്തത്. പുലിക്കാട്ടില്‍ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. മോഹന്‍ലാല്‍ ഒരു സിനിമയില്‍ പുലിക്കാട്ടില്‍ ചാര്‍ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്, ഓര്‍മ്മയില്ലേ.



നമ്മള്‍ എല്ലാരും ബോട്ടില്‍ കയറി യാത്ര തുടങ്ങി. എല്ലാരും വളരെയധികം ആവേശത്തില്‍ ആയിരുന്നു. നമ്മുടെ ആവേശം കണ്ടിട്ടാണെന്ന് തോന്നുന്നു അതിനെ ഒന്നൂടെ കൊഴുപ്പിക്കാന്‍ വേണ്ടി മഴ പറന്നെത്തി. ആ കാഴ്ച ഒന്ന് കാണേണ്ടതാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ. കായലില്‍ മഴ പെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക സുഖം ആണ്. ഇപ്പൊ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും ഇവന് പ്രാന്താണെന്ന്. ഒരു മഴയില്‍ ഇത്ര മാത്രം ആവേശം കൊള്ളാന്‍ എന്തിരിക്കുന്നു എന്നൊക്കെ.. അല്ലെ... എന്നാല്‍ അങ്ങനെ അല്ല.. അത് നേരില്‍ കണ്ടു അനുഭവിക്കുമ്പോള്‍ അറിയാം എന്താണ് ഈ ആവേശത്തിന്റെ കാരണം എന്ന്. മഴയില്‍ കൊച്ചു കൊച്ചു കൊതുമ്പു വള്ളങ്ങള്‍ പോകുന്നത്, കായല്‍ പക്ഷികള്‍ മഴയില്‍ നനഞ്ഞു പറക്കുന്നത്, പായലുകള്‍ കായലിലൂടെ മഴയത്ത് ഒഴുകി നടക്കുന്നത്, ചെറിയ മൂടല്‍ മഞ്ഞു കായലിനെ വന്നു പൊതിയുന്നത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായല്‍പരപ്പില്‍ മഴ തകര്‍ത്തു പെയ്യുന്നത്, ഇതൊക്കെ കണ്ടാല്‍ ആര്‍ക്കായാലും ഭ്രാന്തു പിടിച്ചു പോവും. നമ്മുടെ ബോട്ട് ഓരോരോ ചെറിയ ചെറിയ തുരുത്തുകളും കടന്നു പോകുമ്പോള്‍ ആ തുരുത്തുകളില്‍ മഴ പെയ്യുന്നത് കാണാനും വളരെയധികം രസം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. അപ്പോളാണ് ഒരു നല്ല എസ്സെലാര്‍ ക്യാമറ ഇല്ലാത്തതിന്റെ വിഷമം മനസ്സിലായത്‌. എങ്കിലും ഞാന്‍ വിനു അളിയന്റെ ക്യാമറ കടം വാങ്ങികൊണ്ട് പോയിരുന്നു. എന്റെ ക്യാമറയെക്കള്‍ നല്ലതാണ് അത്. എല്ലാരും വളരെയധികം ഉത്സാഹത്തിലും ആവേശത്തിലും ആയിരുന്നു. കാരണം എല്ലാരുടെയും കല്യാണം കഴിഞ്ഞുള്ള ആദ്യ ട്രിപ്പ്‌ ആയിരുന്നു ഇത്. ഏകദേശം അര മണിക്കൂര്‍ മഴ അങ്ങനെ മനോഹരമായി തകര്‍ത്തു പെയ്തു.



മഴ തീര്‍ന്നപ്പോള്‍ നമ്മള്‍ എല്ലാരും കൂടി പതുക്കെ ബോട്ടിന്റെ മുകളിലേക്ക് കയറി. ഒരു ഓപ്പണ്‍ ബാല്കണി സെറ്റപ്പ് ആയിരുന്നു അവിടെ. അടിപൊളി.. കിടിലം. മനോഹരം.. അതി മനോഹരം.. എന്നൊക്കെ നമ്മള്‍ ആവേശത്തോടെ പറയാറില്ലേ, അതായിരുന്നു അപ്പോള്‍ അവിടത്തെ അവസ്ഥ. കാരണം മഴ പെയ്തു തീര്‍ന്നപ്പോള്‍ നല്ല തെളിഞ്ഞ അന്തരീക്ഷം. അല്പം പോലും ചൂടില്ല. നല്ല തണുത്ത കാറ്റ്. എങ്ങും നിശബ്ദത. സത്യം പറഞ്ഞാല്‍ കേരളത്തില്‍ ഇത്രയും മനോഹരവും ശാന്തതയും ഉള്ള വേറെ ഒരു സ്ഥലം കാണുമെന്നു തോന്നുന്നില്ല. അത്ര മനോഹരം ആണ് ഈ പ്രദേശം. എത്ര മാത്രം സമയം നമ്മള്‍ എല്ലാം അവിടെ അങ്ങനെ നിന്നെന്നോ ഒന്നും ഓര്‍മയില്ല. സമയം പോകുന്നതെ അറിയുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ബോട്ടിലെ ഒരു ജീബനക്കാരന്‍ വന്നു വിളിച്ചു, ഊണ് കഴിക്കാന്‍. അപ്പോഴാണ്‌ സമയം പോയ കാര്യം നമ്മള്‍ ഓര്‍ത്തത്‌. നമ്മള്‍ പിന്നെ മുകളില്‍ നിന്നും താഴെ ഇറങ്ങി നേരെ ഊണ് കഴിക്കാന്‍ ചെന്ന്. ചെന്നപ്പോ കണ്ടതോ, നല്ല കരിമീന്‍ പൊള്ളിച്ചതും ചിക്കന്‍ കറിയും നമ്മളെയും പ്രതീക്ഷിച്ചു ഇരിക്കുന്നു. കൂടെ തോരനും അവിയലും പപ്പടവും സാമ്പാറും മിഴുക്കുവരട്ടും പൈന്‍ ആപ്പിളും. കുടിക്കാന്‍ മിനെറല്‍ വാട്ടര്‍. പിന്നെ അധികം സമയം കളയാനൊന്നും നിന്നില്ല.. അപ്പൊ തന്നെ എല്ലാം കൂടി ഫിനിഷ് ചെയ്തു. അടിപൊളി ഫുഡ്‌. ഫുഡ് കഴിഞ്ഞു കുറച്ചു നേരം നമ്മള്‍ എല്ലാരും കൂടി അവിടെ തന്നെ ഇരുന്നു. (എണീക്കാന്‍ പറ്റണ്ടേ)...

കുറച്ചു കഴിഞ്ഞു ഞാനും എന്റെ ഭാര്യയും എബിയും അവന്റെ ഭാര്യയും കൂടി പതുക്കെ വീണ്ടും ബോട്ടിന്റെ മുകളില്‍ കയറി. അടുത്ത മഴക്കുള്ള ഒരുക്കങ്ങള്‍ അങ്ങ് ദൂരെ നടക്കുന്നത് കാണാന്‍ പറ്റി. അതും ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. നമ്മള്‍ പോകുന്ന വഴിക്ക് ചെറിയ ചെറിയ ദ്വീപുകള്‍ ഉണ്ട്. ചെറുതെന്ന് പറഞ്ഞാല്‍ തീരെ ചെറുത്‌. അവയ്ക്ക് മുകളില്‍ കാര്‍മേഘം മൂടി കിടക്കുന്നു. അത് കണ്ടാല്‍ മഴ ഇപ്പോള്‍ ആ കൊച്ചു ദ്വീപിനെ വിഴുങ്ങും എന്ന് തോന്നും. അത്രയ്ക്ക് മനോഹരം ആ കാഴ്ച. കാര്‍മേഘങ്ങളുടെ പ്രതിഫലനം താഴെ കായല്‍ ജലപ്പരപ്പില്‍ പതിക്കുന്നതും കാണേണ്ടത് തന്നെയാണ്. ആ ട്രിപ്പില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല ഫോട്ടോ അതാണെന്ന് എനിക്ക് തോന്നുന്നു.



ഇങ്ങനെ ഓരോരോ കാഴ്ചകളും കണ്ടു മുന്നോട്ടു പോകുമ്പോള്‍ ചില സംശയങ്ങള്‍ ഉണ്ടായി. ഇത്രയും ചെറിയ തുരുത്തുകളില്‍ ഈ ആള്‍ക്കാര്‍ എങ്ങനെ ജീവിക്കുന്നു. ഇവര്‍ക്ക് പേടിയില്ലേ ഇങ്ങനെ കഴിയാന്‍. ഇവരുടെ വീടുകള്‍ വെള്ളത്തില്‍ മുങ്ങിപ്പോകില്ലെന്നു എന്താണ് ഇത്ര ഉറപ്പു. അറിയില്ല. അതിശയം തന്നെ. ഏതു പ്രതിസന്ധിക്ക് മുന്നിലും തളരാതെ സ്വന്തം ജീവിതവും കുടുംബവും കെട്ടിപ്പടുക്കാനുള്ള ആശയത്തിനും ആവേശത്തിനും കരുത്തിനും മുന്നില്‍ ഇതൊന്നും അവര്‍ക്ക് ഒരു വിലങ്ങു തടിയായി തോന്നുന്നില്ലായിരിക്കും.



മുന്നോട്ടു പോകുന്തോറും വലിയ വലിയ കരകള്‍ കാണാന്‍ തുടങ്ങി. അവിടങ്ങളില്‍ എല്ലാം വളരെ മനോഹരങ്ങളായ പള്ളികളും സ്ക്കൂളുകള്‍, വീടുകള്‍ തുടങ്ങിയവ കണ്ടു. അനേകം ഹൗസ് ബോട്ടുകള്‍ ഒരേ സമയം ജല നീരാട്ടിനിനിറങ്ങിയ കാഴ്ചകളും കാണാന്‍ പറ്റി. എല്ലാം ഒന്നിനൊന്നു മെച്ചം, ഒന്നും മറ്റൊന്നിനെ പകരം വക്കുന്നു എന്ന് പറയാന്‍ പറ്റില്ല. സമയം പോകുന്നത് അറിയുന്നെ ഇല്ല. എല്ലാരും കാഴ്ചകള്‍ കാണാനും പരസ്പരം ഫോട്ടോ എടുക്കാനും മത്സരിക്കുന്നു. അങ്ങനെ അങ്ങനെ ഏകദേശം നാലര വരെ നമ്മള്‍ അതിന്റെ മുകളില്‍ തന്നെ നിന്നു. അതിനു ശേഷം താഴേക്കു ഇറങ്ങി വന്നു. അപ്പോള്‍ ബോട്ടിലെ ജീവനക്കാര്‍ നമുക്ക് ചായയും വാഴക്ക അപ്പവും ഉണ്ടാക്കി വച്ചിരിക്കുന്നു. അതെല്ലാം തിന്നു തിന്നു നമ്മള്‍ പിന്നെ ബാക്കിയുള്ള സമയം മുഴുവന്‍ അവിടെ തന്നെ സംസാരിച്ചുകൊണ്ടിരുന്നു. ഏകദേശം അഞ്ചു മണിയായപ്പോള്‍ അവര്‍ നമ്മളെ തിരികെ ഫിനിഷിംഗ് പൊയന്റില്‍ കൊണ്ട് ചെന്നാക്കി. അങ്ങനെ ബോട്ടിലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ഒരു അവിസ്മരണീയ യാത്രയുടെ നനുത്ത ഓര്‍മ്മകളുമായി തിരികെ വീട്ടിലേക്ക്. ഇപ്പോള്‍ എനിക്കൊരു സംശയം, മഴക്കാണോ കായലിനാണോ സൗന്ദര്യം കൂടുതല്‍ ?




എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടന്‍

Comments

  1. മഴക്കും കായലിനും സൌന്ദര്യം ഉണ്ട്... പക്ഷെ രണ്ടും ഒന്നിക്കുമ്പോള്‍ ഒരു എക്സ്ട്രാ സൌന്ദര്യം ....

    കൊള്ളാം രാഹുല്‍ അളിയ സൂപ്പര്‍ ...

    നമുക്കും പോണം ഇത് പോലെ ഒരിക്കല്‍ ..................ആ ഒരിക്കല്‍ എന്നാണോ എന്തോ :)

    ReplyDelete
  2. Superb documentary....thanks for sharing.. :-)

    ReplyDelete

Post a Comment

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...