Skip to main content

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ"

ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു. 

തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി.

തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത് ഏപ്രിൽ 2021 ലുമാണ്. മൃഗങ്ങളെ കാണാൻ വേണ്ടി കണ്ണും കാതും കൂർപ്പിച്ചു ചുറ്റോടു ചുറ്റും നോക്കി അങ്ങനെ ഇരിക്കും. ജലാശയത്തിൽ ഇഷ്ടംപോലെ മരക്കുറ്റികൾ പൊങ്ങി നിൽപ്പുണ്ട്. അതിലെല്ലാം കുളക്കോഴികൾ കൂടുകൂട്ടിയിട്ടുണ്ട്. നല്ല രസമാണ് അതെല്ലാം കണ്ടുകൊണ്ടു പോവാൻ. നല്ല ഫോട്ടോഗ്രാഫർമാർക്ക് ചാകരയാണ് തേക്കടി ബോട്ട് യാത്ര എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. ഞാൻ എനിക്കറിയാവുന്ന പോലെ എന്റെ കയ്യിലുള്ള ക്യാമെറ വച്ച് കുറെ ഫോട്ടോയൊക്കെ എടുത്തു സ്വയം അടിപൊളി എന്നൊക്കെ പറഞ്ഞു അങ്ങനെ ഇരുന്നു.

ഇഷ്ടംപോലെ കാട്ടുപോത്തുകളെയും മ്ലാവുകളെയും കണ്ടുകൊണ്ടു പോവുമ്പോളായാണ് എന്റെ മുന്നിൽ ഇരുന്ന ഒരു ചേട്ടൻ ദൂരേയ്ക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞത്, മ്ലാവുകൾ വെള്ളത്തിലൂടെ നീന്തുന്നത് കണ്ടോ എന്ന്. നോക്കിയപ്പോൾ സംഗതി സത്യമാണ്, ഒരു കൂട്ടം മ്ലാവുകൾ അങ്ങ് ദൂരെ വെള്ളത്തിലൂടെ നീന്തി കരയിലേക്ക് കയറുന്നു. ക്യാമറ സൂം ചെയ്തു കുറച്ചു ഫോട്ടോസൊക്കെ എടുത്തു. വീണ്ടും അടിപൊളി ഫോട്ടോസ് എന്ന് ഞാൻ സ്വയം പറഞ്ഞു.

കൊടുംകാടാണ് രണ്ടു വശവും. മരങ്ങൾക്കു പല പല നിറങ്ങളാണ് ഉള്ളത്. ചിലതു നല്ല പച്ച, ചിലതിനു ഇളം മഞ്ഞ, മറ്റു ചിലതിനു ഓറഞ്ച് പോലത്തെ നിറങ്ങൾ. വളരെ മനോഹരമായ കാഴ്ചയാണ് അത്. പല നിറങ്ങളിലുള്ള മരങ്ങൾ അങ്ങനെ ഇടതൂർന്നു വളർന്നു നിൽക്കുന്നത് കാണാൻ. ഈ മരങ്ങളിൽ ഇഷ്ടം പോലെ കരിങ്കുരങ്ങുകൾ ആടിക്കളിക്കുന്നത് കാണാം. ഈ ബോട്ടുകൾ എല്ലാം അവർക്കു നല്ല പരിചയമുള്ളതുപോലെയാണ് അവയുടെ നോട്ടം കണ്ടാൽ തോന്നുന്നത്. കുറച്ചു ദൂരം കൂടി പോയപ്പോൾ ആണ് അത് കണ്ടത്, പന്ത്രണ്ടോളം കാട്ടുപോത്തുകൾ, എണ്ണാൻ പറ്റാത്ത അത്ര മ്ലാവുകളും മാനുകളും കാട്ടുപന്നികളും ഒരുമിച്ചു നിന്ന് വെള്ളം കുടിക്കുന്നു. അനിമൽ പ്ലാനറ്റ് ചാനലിൽ കാണുന്ന പോലത്തെ കാഴ്ച, സൂപ്പർ.


അങ്ങനെ മുന്നോട്ടു പോവുമ്പോൾ ആണ് ആനകൾ നീന്തുന്ന കാഴ്ച കണ്ടത്. ബോട്ട് അടുത്ത് എത്തുമ്പോളേക്കും അവരിൽ കുറെപേർ കരയിൽ കയറിട്ടുണ്ടായിരുന്നു. രണ്ടുമൂന്ന് ആനകൾ അപ്പോളും വെള്ളത്തിൽ കിടന്നു തിമിർത്തു കുളിക്കുവായിരുന്നു. നമ്മുടെ ബോട്ട് അടുത്തുകൂടെ പോയതൊന്നും അവർ മൈൻഡ് ചെയ്തതെ ഇല്ലാ. കരയിൽ കയറിയ ആനകൾ സ്വന്തം ദേഹത്തേക്ക് മണ്ണ് വാരിയിടാൻ തുടങ്ങി. ദേഹം മൊത്തം ചെളിവാരിയിട്ടു കളിക്കുന്നു. നോക്കിയപ്പോൾ കൂട്ടത്തിൽ ഒരു കുട്ടിയാനയും ഉണ്ട്. അതും നല്ലോണം ചെളി വാരിയിടുന്നുണ്ട് ശരീരത്തിലേക്ക്. ഇതെല്ലാം ക്യാമറിൽ ഒപ്പിയെടുക്കാൻ മറന്നില്ല, കൂടെ ഒരു ചെറിയ വീഡിയോയും എടുത്തു. കുറച്ചു ദൂരം കൂടി ചെന്നിട്ടു തിരിഞ്ഞു നോക്കിയപ്പോൾ ആണ് കണ്ടത് ആ ആനകൾ വീണ്ടും വെള്ളത്തിലൂടെ നീന്തി ആദ്യത്തെ കരയിലേക്ക് പോവുന്നു. അടിപൊളി കാഴ്ച.




ഒന്നര മണിക്കൂർ നേരത്തെ ബോട്ട് യാത്ര അവസാനിക്കുമ്പോൾ എന്നെന്നും ഓർത്തിരിക്കാൻ ഒരുപാടു മനോഹര നിമിഷങ്ങൾ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാനും എന്റെ ഫാമിലിയും. എന്റെ മോളായിരുന്നു ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത്. ഇനിയും നമുക്ക് പോണമെന്ന് പറഞ്ഞിട്ടുണ്ട് അവൾ. പോവാതെ പറ്റില്ലല്ലോ, അടുത്ത യാത്രയിൽ നമുക്ക് ഇതിനേക്കാൾ മനോഹരമായ എന്തെങ്കിലുമാണ് ഈ കാടും ജലാശയവും ബോട്ടുയാത്രയും നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നതെങ്കിലോ?

Comments

Post a Comment

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം

എന്റെ ആദ്യ പോസ്റ്റിങ്ങ്‌ ആണ് ഇത്... എല്ലാര്‍ക്കും ബ്ലോഗ്‌ ഉണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു എല്ലാര്‍ക്കും ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കും ഒരെണ്ണം ആയിക്കൂടാ... ആ ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്നതാണ്‌ എന്റെ ഈ ബ്ലോഗ്‌. അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം. പിന്നെ ബ്ലോഗിന്റെ പേര് കണ്ടു ആരും ഞെട്ടണ്ട.. പനങ്ങോട് എന്നുള്ളത് ഞാന്‍ ജീവിക്കുന്ന എന്റെ കൊച്ചു ഗ്രാമം ആണ്.. വളരെ മനോഹരമായ ഒരു കൊച്ചു പ്രശാന്ത സുന്ദരമായ സ്ഥലം. എല്ലാര്‍ക്കും അറിയാവുന്ന ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളം ബീച്ചിനു അടുത്താണ് ഈ ഗ്രാമം. ആ ഗ്രാമത്തിലെ ഒരു കൊച്ചു വലിയ മനുഷ്യന്‍ ആണ് ഈ പനങ്ങോടന്‍ എന്ന ഞാന്‍... ബാക്കിയൊക്കെ പിന്നെ എഴുതാം, ആദ്യം ബ്ലോഗില്‍ വല്ലതും പതിഞ്ഞാന്നു നോക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം പനങ്ങോടന്‍

കൊറോണക്കാലം - പരോളും കിട്ടി, മോളെയും കിട്ടി

നീണ്ട 23 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിനു ശേഷം ഇന്നലെ വീടിനു പുറത്തിറങ്ങി. കോവിഡ് നെഗറ്റീവ് ആയിട്ട് 8 ദിവസങ്ങൾ കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കപ്പുകളും ഫ്ലാസ്കും എല്ലാം നല്ല ചൂടു വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തു. തുണികൾ എല്ലാം കഴുകാനായി സോപ്പുവെള്ളത്തിൽ ഡെറ്റോളും കൂടെയിട്ട് മുക്കിവച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീട് ഡിസിൻഫക്റ്റ് ചെയ്യാനായി ആള് വന്നു. വീട് മൊത്തം സാനിറ്റൈസ് ചെയ്ത ശേഷം ഫ്യുമിഗേഷൻ നടത്തി. എല്ലാ ജനലും വാതിലും അടച്ച ശേഷമാണ് അത് ചെയ്യുന്നത്. വീട് മൊത്തം പുകകൊണ്ട് നിറഞ്ഞു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞു എല്ലാ ജനലുകളും വാതിലുകളും തുറന്നിട്ടാൽ പുക പുറത്തു പൊയ്ക്കോളും. എന്റെ കാറും ഫ്യുമിഗേഷൻ ചെയ്തു. ഇതെല്ലാം കഴിഞ്ഞു ഞാൻ കുളിച്ചു റെഡിയായി മോളുടെ അടുത്തേക്ക് പോയി. മൂന്നാഴ്ചയിൽ കൂടുതലായി മോളോട് ഒന്ന് ശെരിക്കു സംസാരിച്ചിട്ട്. മോൾ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പിന്നെ കുഞ്ഞമ്മയുടേയുമൊക്കെ അടുത്താണ് ഇത്രയും ദിവസം നിന്നത്. അനു മിക്കവാറും ചോദിക്കും അവളെ വീഡിയോ കാൾ ചെയ്തൂടെ എന്ന്. ഞാൻ ചെയ്തില്ല. വീഡിയോ കാൾ ചെയ്തുകണ്ടാൽ പിന്നെ ചിലപ്പോൾ നേരിൽ കാണണമെന്ന് ...