Skip to main content

തലശ്ശേരിയിലേക്ക് ഒരു യാത്ര

യാത്ര പുറപ്പെടുമ്പോള്‍ എവിടെയൊക്കെയാണ് പോകേണ്ടതെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. എങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, അനുവിനെയും (എന്റെ ഭാര്യ) കൊണ്ട് എവിടെയെങ്കിലുമൊക്കെ ഒന്ന് ചുമ്മാ ചുറ്റിയടിക്കണം. കാരണം കുറെ ദിവസമായി അവളെയുംകൊണ്ട് എങ്ങോട്ടെങ്കിലുമൊക്കെ പോയിട്ട്. അവള്‍ക്കും ആഗ്രഹമുണ്ടെന്ന് എനിക്കറിയാം.

തലശ്ശേരിയില്‍ ഒരു കല്യാണത്തിന് പോയതാണ്. ഏകദേശം ഉച്ചയോടെ തന്നെ കല്യാണവും സദ്യ ഉണ്ണലും കഴിഞ്ഞു. ഇനിയാണ് യാത്ര പുറപ്പെടെണ്ടത്. എങ്ങോട്ടാണ്.. ആ... അറിയില്ല. ഒന്നുമാത്രം അറിയാം. പറശ്ശിനിക്കടവ് പോണം. ഞാന്‍ മുന്‍പ് രണ്ടു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. എങ്ങനെ പോകും അങ്ങോട്ട്‌? ഒരു കാര്‍ പിടിച്ചു പോവാം. കൂടെ വരാന്‍ നാലുപേരെ കൂടി കിട്ടി. താമസിച്ചിരുന്ന ഹോട്ടെലില്‍ നിന്ന് തന്നെ ഒരു നമ്പര്‍ ഒപ്പിച്ചു വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ എത്തി. ഒരു മഹിന്ദ്ര ക്സൈലോ. അങ്ങനെ നമ്മള്‍ എല്ലാരും കൂടി യാത്ര തിരിച്ചു.

പോകുന്ന വഴിക്കുള്ള സ്ഥലങ്ങളൊക്കെ നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ വളരെ നന്നായി വിവരിച്ചു തരുന്നുണ്ട്. നമ്മള്‍ ആദ്യം പോയത് പയ്യാമ്പലം ബീച്ചിലേക്ക് ആയിരുന്നു. ലോകം കണ്ട മഹാന്മാരായ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം. അതാണ്‌ പയ്യാമ്പലം കടപ്പുറം. അവിടെ ആദ്യം നമ്മള്‍ കാണുന്നത് ഒരു പാര്‍ക്ക്‌ ആണ്. ഒരുപാട് കൊച്ചു കുട്ടികളും, കുടുംബങ്ങളും പ്രണയ ജോടികളും എല്ലാം അവിടിരിപ്പുണ്ട്‌. അത് കഴിഞ്ഞാല്‍ ഒരു കൊച്ചു പാലം കാണാം. അതിലൂടെ നടന്നു വേണം ബീച്ചിലേക്ക് പ്രവേശിക്കാന്‍. അതിനടുത്താണ് ആ അന്ത്യ വിശ്രമ ഭൂമി. സഖാവ് ഈ. കെ. നായനാരുടെ സ്മാരക സ്തൂപത്തിനു മുന്നില്‍ കുറച്ചു നേരം അങ്ങനെ നിന്നു. കേരളം കണ്ട, ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന, ജനപ്രിയ നേതാവേ, അങ്ങേക്ക് ലാല്‍സലാം... കൂടാതെ ഓ. ഭരതന്‍, ചടയന്‍ ഗോവിന്ദന്‍, പി. ഭാസ്കരന്‍, കുഞ്ഞമ്പു തുടങ്ങിയ നേതാക്കളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു. എല്ലാര്‍ക്കും എന്റെ വിപ്ലവ അഭിവാദ്യങ്ങള്‍. പിന്നെ നേരെ ബീച്ചിലേക്ക്. വളരെ ശാന്ത സ്വഭാവമുള്ള ഒരു ബീച്ച്. കണ്ണൂരിലെ കലുഷിത രാഷ്ട്രീയമൊന്നും അതറിഞ്ഞ മട്ടില്ല. കൂടെ വന്ന ലാലിയാന്റി ഓടി വെള്ളത്തില്‍ ഇറങ്ങുന്ന കണ്ടു. കൂടെ എന്റെ ഭാര്യയും. ആ കടപ്പുറത്ത് രണ്ടു ഒട്ടകങ്ങള്‍ നടന്നു പോകുന്നത് കണ്ടു. നല്ല രസമായിരുന്നു അവയെ കാണാന്‍.


അവിടെനിന്നും നമ്മള്‍ നേരെ പോയത് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ്. എന്റമ്മോ... എന്തെല്ലാം തരാം പാമ്പുകളാണ് അവിടെ കിടക്കുന്നത്. കണ്ടാല്‍ തന്നെ പേടിച്ചു പോവും. ഇവയെല്ലാം കൂടി കൂട് തുറന്നു വെളിയില്‍ ചാടിയാല്‍ വാവ സുരേഷിന് ചാകര ആയിരിക്കും. അവിടെ പാമ്പുകള്‍ മാത്രമല്ല ഉള്ളത്, മയില്‍, ലവ് ബേര്‍ഡ്സ്, മുള്ളന്‍ പന്നി, ചീങ്കണ്ണി, മുതല, മലയണ്ണാന്‍... ഓരോന്നായി കണ്ട് കണ്ട് വന്നപ്പോളാണ് ഒരു എ. സി. വച്ച കൂട് കാണുന്നത്. എന്താണെന്നറിയാന്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച കണ്ട് ഞെട്ടിപ്പോയി. ഒരു ഭീമാകാരനായ രാജവെമ്പാല അങ്ങനെ കിടക്കുകയാണ്. കാണുമ്പോള്‍ തന്നെ പേടിച്ചു പോവും. ചുമ്മാതല്ല അതിനു എ. സി. വച്ച് കൊടുത്തത്.


പിന്നെ നമ്മുടെ ലക്‌ഷ്യം പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രമായിരുന്നു. പോകുന്ന വഴിക്കാണ് വിസ്മയ തീം പാര്‍ക്ക്‌. അവിടന്ന് കുറച്ച് ദൂരമേ ഉള്ളു മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക്. മുത്തപ്പന്‍ ക്ഷേത്രം ഇരിക്കുന്നത് ഒരു പുഴയുടെ തീരത്താണ്. വളപട്ടണം പുഴ. നല്ല വീതിയാണ്‌ ആ പുഴക്ക്‌. എത്ര ശാന്തമായാണ് അത് ഒഴുകുന്നത്‌. ആ പുഴക്ക്‌ കുറുകെ വളരെ വലിയ ഒരു പാലവും ഉണ്ട്. ആ പുഴക്കരയില്‍ മുത്തപ്പന്‍ ക്ഷേത്രം തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണെന്നോ? മുത്തപ്പന്‍ ക്ഷേത്രത്തില്‍ വരുന്നവര്‍ക്കെല്ലാം ചായയും പയറും പ്രസാദമായി കഴിക്കാന്‍ കിട്ടും. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ വ്യത്യാസമില്ലാതെ ഏവരെയും ഒന്നുപോലെ കാണുന്ന ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം. അല്പ സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക് തിരിച്ചു.


അടുത്ത് നമ്മള്‍ പോയത് മുഴപ്പിലങ്ങാടി ബീച്ച് കാണാനാണ്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവിംഗ് ബീച്ചുകളില്‍ ഒന്നാണ് മുഴപ്പിലങ്ങാടി ഡ്രൈവിംഗ് ബീച്ച്. ഇത് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ഞങ്ങളുടെ കാര്‍ ബീച്ചിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു വലിയ ബസ്‌ ബീച്ചില്‍ കിടക്കുന്നു. പിന്നെ ഒരുപാട് കാറുകളും ബൈക്കുകളും. എല്ലാവരും അവരവരുടെ വണ്ടിയെ നേരെ കൊണ്ട് വന്ന് കടലിലേക്ക്‌ ഇറക്കുകയാണ്. മുതിര്‍ന്നവരും കുട്ടികളും എല്ലാരും ഇതെല്ലാം കണ്ട് ആസ്വദിക്കുകയാണ്. നമ്മുടെ വണ്ടിയും ഡ്രൈവര്‍ ചേട്ടന്‍ കടലിന് അടുത്തൂടെ കൊണ്ട് പോയി. എനിക്കാണെങ്കില്‍ ഡ്രൈവര്‍ ചേട്ടനോട് കാര്‍ ഓടിക്കാന്‍ തരുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. അത്രയ്ക്ക് ത്രില്ലിംഗ് ആയിരുന്നു അവിടം. പക്ഷെ ഞാന്‍ ചോദിച്ചില്ല, വെറുതെ നാണം കെടുന്നത്‌ എന്തിനാ. അപ്പോഴാണ്‌ ഒരു കൊച്ചു മനോഹരമായ ഒരു ദ്വീപ്‌ നമ്മുടെ കണ്ണില്‍ പെട്ടത്. അതാണ്‌ ധര്‍മ്മടം ദ്വീപ്‌. അതിമനോഹരമായിരുന്നു ആ ദ്വീപ്‌ കാണാന്‍. കടല്‍ത്തിര കുറവുള്ള അവസരങ്ങളില്‍ അവിടേക്ക് നടന്നു പോകാന്‍ പറ്റുമെന്ന് ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായി മാറി മുഴപ്പിലങ്ങാടി ബീച്ച്.


ഇതെല്ലാം കണ്ട് കഴിഞ്ഞപ്പോളെക്കും സമയം ഏതാണ്ട് രാത്രിയായി. പിന്നെ നമ്മള്‍ നേരെ താമസ സ്ഥലത്തേക്ക് വരികയും പിറ്റേന്ന് ഞാനും അനുവും കൂടി ഗുരുവായൂര്‍ക്ക് പോവുകയും ചെയ്തു. തലശ്ശേരിയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ കാണാനുണ്ട്. നമുക്ക് ഒറ്റദിവസം മാത്രേ അവിടെ ചിലവഴിക്കാന്‍ പറ്റിയുള്ളൂ. ബാക്കി മറ്റേതെങ്കിലും അവസരത്തിലാവട്ടെ. എന്തായാലും ഞങ്ങള്‍ ഇനിയും വരും, തലശ്ശേരിയിലേക്ക്.


എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടന്‍

Comments

  1. kollam rahul alia..
    valare nalla viviaranam...

    adipoli adipoliye

    ReplyDelete
  2. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

    ReplyDelete

Post a Comment

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...