സമയം രാവിലെ 6.45. ഫോണടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ അഭിലാഷാണ് വിളിക്കുന്നത്. അതിരാവിലെ രഞ്ജിത്ത് അവനെ വിളിച്ചിരുന്നെന്നും അവന്റെ ഭാര്യ പ്രിയങ്കയുടെ അച്ഛനും അമ്മയും അനിയനും പിന്നെ ആറ് കുടുംബ സുഹൃത്തുക്കളും ഒരു യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വഴി അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടെന്നും അവരെല്ലാം മെഡിക്കൽ കോളേജിൽ അട്മിറ്റാണെന്നും പറഞ്ഞു. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അഭിലാഷ് എന്നെ വീണ്ടും വിളിച്ചു. അപകടത്തിൽപ്പെട്ടവരിൽ നാലുപേർ മരിച്ചെന്നും അതിലൊരാൾ അനിയൻ ഉണ്ണിയാണെന്നും പറഞ്ഞു. അപ്പോഴാണ് അപകടത്തിന്റെ യഥാർത്ഥ ആഴം നമുക്ക് മനസ്സിലായത്. ഉടൻതന്നെ ഞാനും അഭിലാഷും അജീഷും കൂടി ആശുപത്രിയിലേക്ക് പോയി. കാർ പാർക്ക് ചെയ്തതിനു ശേഷം നേരെ കാഷ്വാലിറ്റിയിലേക്ക് ചെന്നു. അവിടെ ആദ്യം കണ്ട ഒരു സിസ്ടറിനോട് കാര്യം അന്വേഷിച്ചു. വട്ടപ്പാറ വച്ചു നടന്ന അപകടം ആണോ എന്നവർ ചോദിച്ചപ്പോൾ നമ്മൾ അതെയെന്നു പറഞ്ഞു. അപ്പോൾ അവർ വളരെ വിഷമത്തോടെ പറഞ്ഞു, അതിലെ നാലുപേർ മരിച്ചു, മൂന്നുപേരുടെ മൃതദേഹങ്ങൾ ഇപ്പോൾ പുറത്തു കൊണ്ടുവരും, ഒരാളുടെത് ICU വിൽ ആണ്. എന്നിട്ട് ആ സിസ്റ്റർ കാഷ്വാലിറ്റിയുടെ ഉള്ളിൽ തന്നെയുള്ള ഒരു മുറിയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ മൂന്ന് സ്ട്രക്ച്ചറിലായി പുറത്തേക്ക് കൊണ്ടു വന്നു. അപ്പോഴേക്കും ആ സിസ്ടറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അവയെ മൂടിയിരുന്ന പുതപ്പ് അല്പം മാറ്റിത്തന്നു. ഒന്നേ നോക്കിയുള്ളൂ. പിന്നെ അങ്ങോട്ടേക്ക് നോക്കാൻ തോന്നിയില്ല. മനസ്സിന് ബലം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കളാണ് ഇപ്പോൾ എന്റെ മുന്നിൽ ജീവനില്ലാതെ കിടക്കുന്നത്. കുറച്ചു സമയങ്ങൾക്ക് മുമ്പ് വരെ ചിരിച്ചും കളിച്ചും ഇരുന്നവർ, ഈ ലോകത്തോട് പല രീതിയിൽ പ്രതികരിച്ചിരുന്നവർ. ഇപ്പോഴാണെങ്കിലോ, തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ആരോടും യാതൊരു വിധ പരിഭവവും പറയാതെ കണ്ണടച്ചു കിടക്കുന്നു.
പക്ഷെ ഇതിനിടയിലും എന്നെ അമ്പരപ്പിച്ചത് ആ സിസ്ടറായിരുന്നു. ആളുകൾക്കിടയിൽ ഒരു ധാരണയുണ്ട്, മെഡിക്കൽ കോളേജിലെ സിസ്റ്റെർസ് പൊതുവെ അഹന്തയുള്ളവരും രോഗികളോട് ദയയോടും മാന്യതയോടും കൂടി പെരുമാറാൻ മടിക്കുന്നവരാണെന്ന്. മാത്രമല്ല, രക്തവും അപകടങ്ങളും മൃതദേഹങ്ങളും കണ്ടു മടുത്ത അവരുടെ മനസ്സും ഹൃദയവും കല്ലാണെന്നുമുള്ള ഒരു ധാരണ എല്ലാവരിലുമുണ്ട്. എന്റെ മനസ്സിലും അവരെക്കുറിച്ച് അങ്ങനെയൊരു മുൻവിധി ഉണ്ടായിരുന്നു. പക്ഷെ ഇവിടെ ഞാൻ കണ്ട കാഴ്ച അതായിരുന്നില്ല. താനുമായി യാതൊരു ബന്ധവുമില്ലാത്ത, യാതൊരു മുൻപരിചയവും ഇല്ലാത്ത, ആരെന്നുപോലും അറിയാത്ത മൂന്നുപേർക്ക് വേണ്ടി ആ സിസ്ടറുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. എന്റെ മുൻവിധികളെല്ലാം തെറ്റിയിരിക്കുന്നു. എന്തുകൊണ്ടായിരിക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ? അറിയില്ല. തന്റെ മുന്നിൽ ചേതനയറ്റു കിടക്കുന്നവർ 'ഇനിയില്ല' എന്ന തിരിച്ചറിവായിരിക്കുമോ അവരുടെ കണ്ണുകളെ നനയിച്ചത്. മറ്റുള്ളവരുടെ സുഖ ദുഃഖങ്ങൾ സ്വന്തം സുഖ ദുഃഖങ്ങൾ കൂടിയാണെന്ന് അംഗീകരിക്കാനുള്ള ഒരു മനസ്സ് അവർക്ക് ഉള്ളതുകൊണ്ടായിരിക്കുമോ അവരുടെ കണ്ണുകൾ ഈറനണിഞ്ഞത്. അതെ, അതായിരിക്കും. ഞാനുൾപ്പെടുന്ന സമൂഹം കണ്ടിട്ടും കാണാതെ പോകുന്ന ഒരു നഗ്ന സത്യം. നാമെല്ലാം തിമിരം ബാധിച്ചവരാണ്, കണ്ണുകൾക്കല്ല, മനസ്സിന്.
എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടൻ

Comments
Post a Comment