Skip to main content

എന്റെ സുന്ദരിക്കുട്ടി


അവൾക്ക് കരയണമെന്നുണ്ട്, പക്ഷേ ഞാൻ സമ്മതിച്ചില്ല. എന്റെ കയ്യിൽ അവൾ നല്ലോണം മുറുകെപ്പിടിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ എന്റെ കയ്യിൽ നല്ല ശക്തിയായി പിടിച്ചു ഞെരിക്കും. എന്റെ കൈ ഒടിഞ്ഞു പോകുമോ എന്നുവരെ എനിക്ക് തോന്നി. പക്ഷെ അവൾ അനുഭവിക്കുന്ന വേദനയുമായി താരതമ്യം ചെയ്യുമ്പോൾ എന്റേത് എത്രയോ നിസ്സാരം. മണിക്കൂറുകളായി അവൾ ഈ വേദന സഹിക്കുന്നു. മറ്റൊരിടത്തേക്കും മാറാതെ ഞാനും അവളുടെ കട്ടിലിന് അടുത്ത് തന്നെ നിന്നു. രാവിലെ ക്യാന്റീനിൽ നിന്നും ദോശ വാങ്ങി കൊടുത്തു. വളരെ സന്തോഷത്തോടെ അല്ലെങ്കിലും അവളത് കഴിച്ചു. കാരണം ഇനിയങ്ങോട്ടുള്ള സമയങ്ങളിൽ നല്ലോണം ഊർജ്ജം വേണമെന്ന് അവൾക്കു അറിയാം.

ഇടയ്ക്കിടയ്ക്ക് അവളുടെ വേദന കൂടുന്നുണ്ട്. അപ്പോൾ അവൾ എന്റെ മുഖത്ത് നോക്കി എന്റെ കയ്യിൽ മുറുകെപ്പിടിച്ച്‌ കിടക്കും. എന്നെക്കൊണ്ട് ഒന്നിനും പറ്റുന്നില്ലാ എന്ന് അവൾ രണ്ടുമൂന്ന് പ്രാവശ്യം എന്നോട് പറഞ്ഞു. എനിക്കെന്ത് ചെയ്യാൻ പറ്റും, അവളെ ആശ്വസിപ്പിക്കാനല്ലാതെ. ആ മുറിയിൽ അങ്ങിങ്ങായി നിലവിളി ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഇന്നലെ രാത്രിയും ഇതുപോലുള്ള കരച്ചിലുകളും ഞരക്കങ്ങളും കേട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് നഴ്സുമാർ വന്ന് കാര്യങ്ങൾ നോക്കുന്നുണ്ട്. അവളെ അവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ അവൾ തളർന്നു പോവുന്നു. എനിക്ക് പേടിയായി. വേദന കുറയാനുള്ള ഒരു ഇഞ്ചക്ഷൻ എടുക്കാമെന്ന് പറഞ്ഞപ്പോൾ ഡോക്ടർ സമ്മതിച്ചില്ല. വേദന കൂടുമ്പോൾ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഭാവ വ്യത്യാസങ്ങൾ ഞാൻ ശ്രദ്ധിച്ചു.

സമയം ഉച്ചയായി. അവൾക്കു വേദന കൂടിയും കുറഞ്ഞും പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ അവളെ അവിടെത്തന്നെയുള്ള മറ്റൊരു റൂമിലേക്ക്‌ നഴ്സുമാർ കൊണ്ട് പോയി. അവിടേക്ക് എനിക്ക് പ്രവേശനമില്ല. ഞാനും അവളുടെ അമ്മയും കൂടി പുറത്ത് കാത്തു നിന്നു. ഏകദേശം 7 - 8 മിനിട്ട് കഴിഞ്ഞപ്പോൾ ഒരു കുഞ്ഞുവാവയുടെ കരച്ചിൽ കേട്ടു. അപ്പോൾ ഡോക്ടർ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്ന് എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു "മോളാണ്". ആ സമയത്ത് എനിക്കുണ്ടായ സന്തോഷം എന്താണെന്നോ എത്രത്തോളമാണന്നോ പറഞ്ഞറിയിക്കാൻ എനിക്കറിയില്ല. അത്രയ്ക്കുണ്ട് ആ സന്തോഷം. ഈ സന്തോഷം ഉള്ളിലൊതുക്കി ഞാൻ ഡോക്ടറോട് ചോദിച്ചത് അവളെക്കുറിച്ചാണ്, എന്റെ അനുവിനെക്കുറിച്ച്. അവളും സുഖമായിരിക്കുന്നെന്നു ഡോക്ടർ മറുപടി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു നഴ്സ് ഒരു തുണിയിൽ പൊതിഞ്ഞ് പഞ്ഞിക്കെട്ട്‌ പോലത്തെ ഒരു രൂപത്തെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
"എന്റെ മോൾ, എന്റെ സുന്ദരിക്കുട്ടി, നമ്മുടെ സ്വപ്നം, നമ്മുടെ മാലാഖ".

എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടൻ

Comments

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...