നാളെ രാവിലെ ഒരു ആറു മണിക്ക് എണീക്കണം.
എന്നിട്ടു ഒരു മുക്കാൽ മണിക്കൂർ വീടിനു ചുറ്റും നടക്കണം.
കുറച്ചു ഗ്രോ ബാഗുകൾ ഉണ്ടായിരുന്നെങ്കിൽ
അതിൽ വെള്ളം ഒഴിക്കാമായിരുന്നു. അതില്ലല്ലോ...
പിന്നെയുള്ളത് കുറച്ചു മാവും ലിച്ചിയും നെല്ലിയും ഒക്കെയാണ്. അമ്മായിയപ്പൻ നട്ടത്.
അതിന് വെള്ളം ഒഴിച്ചാലോ... ഓ.. വേണ്ടാ.. മെനക്കേട്..
അതിനൊക്കെ പുള്ളി തന്നെ വെള്ളമൊഴിച്ചോളും..
പിന്നെ കുറച്ചു നേരം പത്രം വായിക്കണം,
എന്നിട്ട് കുളിച്ചു റെഡിയായി ഭക്ഷണമൊക്കെ കഴിച്ചു
വർക്ക് ഫ്രം ഹോം തുടങ്ങണം..
ഇതാണ് നാളെമുതൽ എന്റെ മെനു..
ഈ ലോക്ക് ഡൗൺ കാലം ഞാൻ പൊളിക്കും...
ലോക്ക് ഡൗൺ ഒക്കെ കഴിഞ്ഞു ഞാൻ മെലിഞ്ഞു സുന്ദരനായി
ഓഫീസിൽ ചെല്ലുമ്പോൾ എല്ലാരും അന്തംവിടും.. നോക്കിക്കോ...
പിറ്റേന്ന് രാവിലെ
"എണീക്കു മനുഷ്യാ, സമയം എട്ടു കഴിഞ്ഞു.. നിങ്ങൾക്ക് ജോലി തുടങ്ങാനുള്ളതല്ലേ??"
"നീയൊന്നു പോടീ, ഞാനൊരു അഞ്ചു മിനുട്ടും കൂടി ഉറങ്ങിക്കോട്ടെ..."
"ങ്ഹേ.. നീ സമയം എത്രയാന്നാ പറഞ്ഞേ, എട്ടോ.. അയ്യോ... അപ്പൊ ആറു മണിക്ക് നീയെന്നെ വിളിച്ചില്ലേ ??"
"എന്തിന് ?"
"എടീ ഇന്നുമുതൽ ഞാൻ നന്നാവാൻ തീരുമാനിച്ചിരുന്നതാ.. ശ്ശെടാ... ഇനിയിപ്പോ എന്തു ചെയ്യും"
"നന്നാവാനോ, നിങ്ങളോ, എപ്പോ ??"
"സത്യായിട്ടും ഇന്ന് മുതൽ ഞാൻ നന്നാവാനിരുന്നതാ.. എന്തെല്ലാം പ്ലാനുകൾ ആയിരുന്നെന്നോ.. ഛെ... എല്ലാം പോയില്ലേ"
"ങ്ഹാ... അത്രേയുള്ളോ.. അത് കുഴപ്പമില്ല, നാളെ ഞാൻ രാവിലെ നേരത്തെ വിളിക്കാം, അപ്പൊ നന്നായാൽ മതി"
"നാളെ വിഷുവല്ലേ, അവധി ദിവസം. അപ്പൊ രാവിലെ നടക്കാനും ഓടാനും ഒന്നും പറ്റൂല്ല... രാവിലെ എണീറ്റ് കണിയൊക്കെ കണ്ട് വീണ്ടും വന്നു കിടന്നു ഉറങ്ങണം.. അതാ അതിന്റെ രീതി"
"ഈ മനുഷ്യനെക്കൊണ്ട് തോറ്റു... അങ്ങനെയാണെങ്കിൽ മറ്റന്നാൾ രാവിലെ വിളിക്കാം"
"മറ്റന്നാൾ എന്ന് പറയുമ്പോൾ ബുധനാഴ്ച.. അന്ന് നന്നാവാമെന്നു വിചാരിച്ചാൽ... അല്ലെടി അത് ഒരാഴ്ചയുടെ പകുതിയങ്ങു പോയില്ലേ.. പിന്നെ ഈ ആഴ്ച്ച വളരെ കുറച്ചു ദിവസമല്ലേ മിച്ചമൊള്ളൂ.. തിങ്കളഴ്ചയാണ് നന്നാവാൻ പറ്റിയ ദിവസം... ഇനിയിപ്പോ നീയൊരു കാര്യം ചെയ്യ്.. അടുത്ത തിങ്കളാഴ്ച നേരത്തെ വിളിച്ചാൽ മതി.. ഓക്കെ.. അപ്പൊ എല്ലാം പറഞ്ഞപോലെ, ഞാനൊരു അഞ്ചു മിനുട്ടും കൂടി ഉറങ്ങിക്കോട്ടെ... ഗുഡ്നൈറ്റ്"
"ഈ മനുഷ്യൻ ഒരു കാലത്തും നന്നാവുന്ന ലക്ഷണം ഇല്ലാ... അപ്പൊ ഇന്നത്തെ നിങ്ങടെ വർക്ക് ഫ്രം ഹോമോ ??"
"ചെയ്യാം ചെയ്യാം... ഒരു അഞ്ചു മിനുട്ടും കൂടി"
Comments
Post a Comment