"ഹലോ ഇച്ചായാ, ഓഫീസീന്ന് ഇറങ്ങാറായോ ?"
"ഞാനിപ്പോ ഇറങ്ങും, നീ രാവിലെ പറഞ്ഞ സാധനങ്ങൾ വാങ്ങുന്ന കാര്യം ഞാൻ മറന്നിട്ടില്ല, നാളെ ഓണമല്ലേ, എന്തായാലും ഇപ്പൊ തന്നെ വാങ്ങി വരാം"
"അതേ ഇച്ചായാ, അത് പറയാനാ വിളിച്ചത്."
"കുഞ്ഞാവ എന്ത് ചെയ്യുന്നു ?"
"കുഞ്ഞാവ ഇവിടെ കളിച്ചു ചിരിച്ചു കിടപ്പുണ്ട്. അവനോടൊപ്പമുള്ള നമ്മുടെ ഓണമല്ലേ, നല്ലോണം ആഘോഷിക്കണം, ഇനി ആഘോഷിക്കാൻ പറ്റിയില്ലെങ്കിലോ.."
"അതേ, ഈ ഓണം നമുക്ക് നല്ലോണം ആഘോഷിക്കണം. ഞാനെന്തായാലും ഇപ്പൊ തന്നെ എല്ലാം വാങ്ങിക്കൊണ്ടു വരാം "
"ശരി ഇച്ചായാ"
ഇത് ഡോക്ടർ ജിൻസിയുടെ കുടുംബമാണ്. ജിൻസിയും ഇച്ചായനും കുഞ്ഞാവയുമുള്ള ഒരു കുടുംബം. കുഞ്ഞാവയുമൊത്തുള്ള ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുഞ്ഞാവയ്ക്കു ഒരു വയസ്സായിട്ടില്ല ഇതുവരെ. തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു കുഞ്ഞാവ. അവനിതുവരെ സംസാരിച്ചു തുടങ്ങീട്ടില്ല. കഴിഞ്ഞ ഒരു മാസമായി ജിൻസി തന്റെ ക്ലിനിക്കിൽ പോവുന്നില്ല, മുഴുവൻ സമയവും വാവയോടൊപ്പമാണ്.
കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ജിൻസി വാവയുടെ അടുത്ത് നിന്നും എഴുന്നേറ്റത്. ഇച്ചായൻ ഇത്ര പെട്ടെന്ന് സാധനങ്ങളെല്ലാം വാങ്ങി എത്തിയോ, കൊള്ളാല്ലോ. ജിൻസി ചിന്തിച്ചു.
ഇച്ചായനെ പ്രതീക്ഷിച്ചു ഡോർ തുറന്ന ജിൻസി തന്റെ മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് ഒന്ന് പതറി. അഞ്ജലിയും ഭർത്താവും. ഒരു മാസത്തിനു ശേഷമാണ് ഇവരെ വീണ്ടും കാണുന്നത്.
അവരെക്കണ്ട് അമ്പരന്നെങ്കിലും ജിൻസി സന്തോഷത്തോടെ തന്നെ അവരെ വീടിനകത്തേക്ക് ക്ഷണിച്ചു. വീടിനകത്തേക്ക് കയറിയ അഞ്ജലിയും ഭർത്താവും കണ്ടത് കുറെ കളിപ്പാട്ടങ്ങൾക്കിടയിൽ വളരെയധികം സന്തോഷത്തോടെ കളിചിരിയായി കിടക്കുന്ന വാവയെയാണ്. അഞ്ജലി ഓടിച്ചെന്നു വാവയെ കോരിയെടുത്തു. ജിൻസി ഒന്നും മിണ്ടാതെ മാറി നിന്നു. അഞ്ജലിയും ഭർത്താവും കുഞ്ഞാവയെ മാറി മാറി എടുത്തു തുരുതുരാ ഉമ്മ വച്ചു. അഞ്ജലിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞത് ജിൻസി കണ്ടു.
ഒരു മാസം മുൻപ് തനിക്കും ഭർത്താവിനും കോവിഡ് പോസിറ്റീവ് ആയപ്പോൾ കുഞ്ഞിനെ നോക്കാൻ വേറെ ആരും ഇല്ലാതിരുന്ന അവസ്ഥയിൽ കുഞ്ഞിനെ നോക്കാൻ ഡോക്ടർ ജിൻസി സ്വയം മുന്നോട്ടു വരികയായിരുന്നു. അന്ന് മനസ്സില്ലാ മനസ്സോടെ കുഞ്ഞിനെ മറ്റൊരാളെ ഏൽപ്പിക്കുമ്പോൾ കുഞ്ഞിന്റെ ആരോഗ്യം മാത്രമായിരുന്നു അഞ്ജലിയുടെയും ഭർത്താവിന്റെയും ചിന്ത. ചികിത്സ കഴിഞ്ഞു കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വരികയാണ് അവർ, തങ്ങളുടെ കുഞ്ഞിനെ കൊണ്ട് പോവാൻ.
കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം കുഞ്ഞിനേയും കൊണ്ട് ഇറങ്ങാൻ തുടങ്ങിയ അഞ്ജലിയോട് ജിൻസി പറഞ്ഞു
"കുറച്ചു സമയം കൂടി വെയിറ്റ് ചെയ്യാമോ, ഇച്ചായൻ ഇപ്പൊ വരും. ഇച്ചായനും കൂടി കുഞ്ഞിനെ ഒന്ന് കണ്ടോട്ടെ, പ്ളീസ്"
അപ്പോഴേക്കും കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു.
"ഇച്ചായൻ വന്നു" എന്നും പറഞ്ഞു ജിൻസി വാതിൽ തുറന്നപ്പോൾ കണ്ടത് തന്റെ രണ്ടു കയ്യിലും ബലൂണുകളും കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി വളരെയധികം സന്തോഷത്തോടെ നിൽക്കുന്ന ഇച്ചായനെയാണ് .
അഞ്ജലിയെയും ഭർത്താവിനെയും കണ്ട ഇച്ചായനു കാര്യങ്ങളെല്ലാം മനസ്സിലായി. അവർ കുഞ്ഞാവയെ കൊണ്ടുപോവാൻ വന്നതാണ്.
ഇച്ചായനെ കണ്ടതും അഞ്ജലിയുടെ കയ്യിലിരുന്ന കുഞ്ഞാവ സന്തോഷം കൊണ്ട് ചില ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടു ഇച്ചായന് നേരെ കൈ നീട്ടി. അതുകണ്ടതും ഇച്ചായൻ ഓടി വന്നു കുഞ്ഞാവയെ എടുത്തു കെട്ടിപ്പിടിച്ചു കുറെ ഉമ്മകൾ കൊടുത്തു.
അൽപ സമയത്തിന് ശേഷം അഞ്ജലിയും ഭർത്താവും കുഞ്ഞാവയെയും കൊണ്ട് പോവാനിറങ്ങി. കഴിഞ്ഞ ഒരു മാസം തങ്ങളുടെ ദിനരാത്രങ്ങളെ സന്തോഷിപ്പിച്ച കുഞ്ഞാവ, അത് മറ്റൊരാളുടെ ആണെന്ന് അറിഞ്ഞിട്ടും, നമുക്ക് ആ കുഞ്ഞാവയിൽ യാതൊരു അവകാശവും ഇല്ലാ എന്നു അറിയാമായിരുന്നിട്ടും അവനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച ജിൻസിയും ഇച്ചായനും തങ്ങൾ വാങ്ങിയ ഓണ സമ്മാനങ്ങൾ എല്ലാം കൊടുത്തു വളരെയധികം വിഷമത്തോടെ മനസ്സില്ലാ മനസ്സോടെ കുഞ്ഞാവയെ യാത്രയാക്കി. നാളെ ഓണം കഴിഞ്ഞിട്ട് കൊണ്ടുപോയാൽ പോരെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവർക്ക്, പക്ഷെ ചോദിച്ചില്ല. കുഞ്ഞാവയുടെ ആദ്യത്തെ ഓണം അവൻ അവന്റെ അച്ഛനും അമ്മയുമൊടൊപ്പം സ്വന്തം വീട്ടിൽ ആഘോഷിക്കട്ടെ.
പോവുന്ന വഴിക്കു അഞ്ജലിയുടെ തോളിൽ ഇരുന്ന കുഞ്ഞാവ പുറകോട്ട് തിരിഞ്ഞു നോക്കി "അമ്മേ" എന്ന് വിളിക്കുന്ന പോലെ ഒരു ശബ്ദം ഉണ്ടാക്കി. ജിൻസി അത് കേട്ടതും നിറഞ്ഞ കണ്ണുകളോടെ തന്റെ വീടിനകത്തേക്ക് ഓടിപ്പോയി.
ഉറവ വറ്റാത്ത സ്നേഹത്തിന്റെ പ്രതീകമാണ് ഡോക്ടർ ജിൻസിയും കുടുംബവും. കള്ളവും ചതിയും ഒന്നുമില്ലാതെ എല്ലാരേയും ഒന്നുപോലെ കാണാനും കളങ്കമില്ലാതെ സ്നേഹിക്കാനും അവരെപ്പോലെ നമുക്കെല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഈ കഥ ലോകത്തെ എല്ലാ ആരോഗ്യപ്രവർത്തകർക്കുമായി സമർപ്പിക്കുന്നു.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കഥാപാത്രങ്ങൾക്കും സന്ദർഭത്തിനും ചില മാറ്റങ്ങൾ വരുത്തി എഴുതിയ കഥയാണ്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.

Comments
Post a Comment