ആ ഒരു എക്സ്ട്രാ ഓർഡിനറി സംഭവം ഒഴികെ ഇന്ദ്രൻസ് ചെയ്യുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലും ഉണ്ടായവയാണ്. എന്റെ അച്ഛനും ഇതുപോലെയാണ്. ഞാനും ചേട്ടനും സ്മാർട്ട് ഫോൺ മേടിച്ചപ്പോൾ അച്ഛനും ഒരു സ്മാർട്ട് ഫോൺ മേടിച്ചു. എന്നിട്ടു രാത്രി മൊത്തം അതിലെ ഓരോ സംഗതികളായി ഞാൻ പറഞ്ഞു കൊടുത്തു, അതെല്ലാം അച്ഛൻ ഓരോ സ്റ്റെപ്പായി അച്ഛന്റെ ഡയറിയിൽ കുറിച്ച് വച്ചു. എല്ലാം പഠിപ്പിച്ചു കൊടുത്താലും കുറെ നേരം കഴിയുമ്പോൾ അച്ഛൻ വീണ്ടും സംശയവുമായി വരും, തലയണ മന്ത്രത്തിൽ ശ്രീനിവാസനെ കാർ ഓടിക്കാൻ പഠിപ്പിക്കുന്ന മാമുക്കോയയുടെ അവസ്ഥയാകും എന്റേത് അപ്പോൾ, ദേഷ്യം വന്ന് ഒരിടി വച്ച് കൊടുത്താലോ എന്നുവരെ തോന്നിപ്പോവും. അച്ഛനായിപ്പോയില്ലേ. whatsapp ഇൽ മെസേജ് അയക്കുന്നത്, വായിക്കുന്നത്, ഫോർവേഡ് ചെയ്യുന്നത്, പിന്നെ ഫേസ്ബുക്ക് ഐഡി ക്രിയേറ്റ് ചെയ്തത്, അതെങ്ങനെയാണ് ഉപയോഗിക്കേണ്ടത്.. ഇതെല്ലാം പഠിപ്പിച്ചു കൊടുത്തതിനെപ്പറ്റി ഓർക്കുമ്പോൾ ഇപ്പോളും തലപ്രാന്ത് പിടിക്കും എനിക്ക്. :-)
അച്ഛൻ റിട്ടയർ ആയപ്പോൾ നമ്മൾ ഒരു കാർ എടുത്തു. ഞാൻ കാർ ഓടിക്കുന്ന കണ്ടപ്പോൾ അച്ഛനും കാർ ഓടിക്കാൻ പഠിക്കാൻ പോയി. ഡ്രൈവിംഗ് ടെസ്റ്റിന്റെ തലേന്ന് രാത്രി ഞാൻ നോക്കുമ്പോൾ അച്ഛൻ അച്ഛന്റെ ഡയറിയിൽ എന്തൊക്കെയോ എഴുതീട്ട് കാണാതെ പഠിക്കുന്നു. ഞാൻ പോയി ഡയറിയിൽ നോക്കിയപ്പോൾ കണ്ടത് 25 സ്റ്റെപ്പുകൾ നമ്പറിട്ടു എഴുതി വച്ചിരിക്കുന്നു, എങ്ങനെയാണ് നാളെ H എടുക്കേണ്ടതെന്ന്. എന്നിട്ട് അത് കാണാതെ പഠിക്കുന്നു. ആദ്യം കാർ സ്റ്റാർട്ട് ചെയ്തു H ന്റെ ഇടതുവശത്തൂടെ അവസാനം വരെ വലതു വശത്തു കമ്പി കാണുന്നവരെ പോവുക, അവിടന്ന് കാർ റിവേഴ്‌സ് എടുത്തു പകുതിവരെ വരിക.... അങ്ങനെ 25 സ്റ്റെപ്പുകൾ.ഇതെല്ലാം ഒന്നുപോലും വിടാതെ കുത്തിയിരുന്ന് പഠിയ്ക്കുവാണ് അച്ഛൻ. ഞാൻ ചോദിച്ചു, ഇതിലേതെങ്കിലും സ്റ്റെപ് ഇടയ്ക്കു വച്ച് മറന്നുപോയാൽ എന്ത് സംഭവിക്കും, അങ്ങനെയൊന്നും വരാതിരിക്കാനല്ലേ ഞാൻ ഇങ്ങനെ പഠിക്കുന്നത് എന്നായിരുന്നു അച്ഛന്റെ മറുപടി. പിറ്റേ ദിവസം ടെസ്റ്റിൽ അച്ഛൻ തോറ്റു, ഇടയ്ക്കുള്ള ഒരു സ്റ്റെപ് മറന്നുപോയി. കാർ അവിടെത്തന്നെ ഇട്ടിട്ടു അച്ഛൻ ഇറങ്ങിപ്പോന്നു. അടുത്ത തവണത്തെ ടെസ്റ്റിൽ അച്ഛൻ പാസായി. പക്ഷെ ദോഷം പറയരുതല്ലോ, അതിനു ശേഷം ഇന്നുവരെ അച്ഛൻ കാർ ഓടിച്ചിട്ടില്ല. ലൈസെൻസ് എടുത്തു അലമാരയിൽ വച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ അച്ഛനോട് എന്തിനാണ് ലൈസെൻസ് എടുത്തതെന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് നീ കാർ ഓടിക്കുന്നത് കണ്ടപ്പോൾ അച്ഛനും ഒരാഗ്രഹം, സ്വന്തമായി കാർ ഓടിക്കണമെന്ന്, അതിനുവേണ്ടി പഠിച്ചതാണ് എന്ന്. ഒരിക്കൽ ഞാനും അച്ഛനും കുറച്ചു ബന്ധുക്കളും കൂടി കാറിൽ പോവുമ്പോൾ ഒരു ബൈക്ക്കാരൻ വന്നു നമ്മുടെ കാറിൽ ഇടിക്കുകയും അയാളുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു. വിളിച്ചിട്ട് യാതൊരു റെസ്പോൺസും ഇല്ലാ അയാൾക്ക്, മരിച്ചു എന്നുതന്നെ വിചാരിച്ചു നമ്മൾ. അയാളെയും എടുത്തുകൊണ്ടു ഹോസ്പിറ്റലിൽ പോവുമ്പോൾ അച്ഛൻ പറഞ്ഞത്, നീ വിഷമിക്കണ്ടെടാ, ഇതിന്റെ പേരിൽ എന്ത് കേസ് വന്നാലും ഞാൻ ഏറ്റെടുത്തോളം, ഞാനാണ് കാർ ഓടിച്ചിരുന്നതെന്ന് പറഞ്ഞാൽ മതി, അതിനു വേണ്ടിയാണ് ഞാൻ ലൈസെൻസ് എടുത്തത് എന്നാണ്.
ഈ സിനിമയിൽ അവസാന സീനുകളിലൊന്നിൽ ശ്രീനാഥ് ഭാസി അച്ഛന് ഉമ്മ കൊടുക്കുമ്പോൾ അച്ഛൻ തിരികെ ഉമ്മ കൊടുക്കുന്നത് കാണിക്കുന്നുണ്ട്. എൻറെ അച്ഛൻ ചിലപ്പോളൊക്കെ എനിക്ക് ഉമ്മ തരുന്ന അതേ എക്സ്പ്രെഷൻ ആണ് ഞാൻ ആ സീനിൽ ഇന്ദ്രൻസിൻറെ മുഖത്തും കണ്ടത്.
എന്തെങ്കിലുമൊക്കെ വിഷമം വരുമ്പോൾ അതിലൊന്നും ഇടപെടേണ്ട, അതൊക്കെ അവർ നോക്കിക്കോളും, അതൊക്കെ ഹാൻഡിൽ ചെയ്യാൻ അവർക്കറിയാം എന്ന് അമ്മ പറഞ്ഞാലും അച്ഛൻ കുറച്ചു കഴിയുമ്പോൾ വിളിച്ചു ചോദിക്കും എന്താടാ പ്രശ്നമെന്ന്.. അമ്മയും വിളിക്കും അച്ഛൻ അറിയാതെ... അതും ഈ സിനിമയിലുണ്ട്.
ഇങ്ങനെ അനവധി അനവധി സന്ദർഭങ്ങൾ ഈ സിനിമയിൽ എനിക്ക് എൻറെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി കാണാൻ സാധിച്ചു. അതിന് ഒരു ബിഗ് സല്യൂട്ട്. എല്ലാരും കാണേണ്ട ഒരു ഫീൽ ഗുഡ് മൂവി.. അതാണ് #HOME.
ചിലപ്പോൾ എല്ലാവരുടെയും അച്ഛനും അമ്മയുമൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും അല്ലേ..
Comments
Post a Comment