നീണ്ട 23 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിനു ശേഷം ഇന്നലെ വീടിനു പുറത്തിറങ്ങി. കോവിഡ് നെഗറ്റീവ് ആയിട്ട് 8 ദിവസങ്ങൾ കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കപ്പുകളും ഫ്ലാസ്കും എല്ലാം നല്ല ചൂടു വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തു. തുണികൾ എല്ലാം കഴുകാനായി സോപ്പുവെള്ളത്തിൽ ഡെറ്റോളും കൂടെയിട്ട് മുക്കിവച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീട് ഡിസിൻഫക്റ്റ് ചെയ്യാനായി ആള് വന്നു. വീട് മൊത്തം സാനിറ്റൈസ് ചെയ്ത ശേഷം ഫ്യുമിഗേഷൻ നടത്തി. എല്ലാ ജനലും വാതിലും അടച്ച ശേഷമാണ് അത് ചെയ്യുന്നത്. വീട് മൊത്തം പുകകൊണ്ട് നിറഞ്ഞു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞു എല്ലാ ജനലുകളും വാതിലുകളും തുറന്നിട്ടാൽ പുക പുറത്തു പൊയ്ക്കോളും. എന്റെ കാറും ഫ്യുമിഗേഷൻ ചെയ്തു. ഇതെല്ലാം കഴിഞ്ഞു ഞാൻ കുളിച്ചു റെഡിയായി മോളുടെ അടുത്തേക്ക് പോയി.
മൂന്നാഴ്ചയിൽ കൂടുതലായി മോളോട് ഒന്ന് ശെരിക്കു സംസാരിച്ചിട്ട്. മോൾ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പിന്നെ കുഞ്ഞമ്മയുടേയുമൊക്കെ അടുത്താണ് ഇത്രയും ദിവസം നിന്നത്. അനു മിക്കവാറും ചോദിക്കും അവളെ വീഡിയോ കാൾ ചെയ്തൂടെ എന്ന്. ഞാൻ ചെയ്തില്ല. വീഡിയോ കാൾ ചെയ്തുകണ്ടാൽ പിന്നെ ചിലപ്പോൾ നേരിൽ കാണണമെന്ന് തോന്നിയാലോ, അതുകൊണ്ടു ഞാൻ വീഡിയോ കോളൊന്നും ചെയ്തില്ല. പക്ഷേ കോവിഡ് നെഗറ്റീവ് ആയപ്പോൾ ഞാനൊന്നു വിളിച്ചു അവളെ. ഒരുപാട് സംസാരിക്കാനൊന്നും അവൾക്ക് താല്പര്യമില്ലായിരുന്നു അപ്പോൾ. പെട്ടെന്ന് തന്നെ പൊയ്ക്കളഞ്ഞു അവൾ. ഈ തിങ്കളാഴ്ച ഞാൻ ജോലിക്ക് ജോയിൻ ചെയ്തു വീണ്ടും, വർക്ക് ഫ്രം ഹോം ആണല്ലോ ഇപ്പോൾ. കുറെ നേരം കഴിഞ്ഞപ്പോൾ ആരോ വീടിന്റ കോളിങ്ങ്ബെൽ അടിക്കുന്നത് കേട്ടു. ഞാൻ ബാൽക്കണിയിൽ നിന്നും താഴോട്ട് നോക്കിയപ്പോൾ കണ്ടത് മോളെയാണ്. ചക്കര എന്നോട് സംസാരിക്കാൻ വന്നു നിൽക്കുവാണ്. എനിക്ക് പനിയാണെന്നാണ് മോളോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വീട്ടിൽ കയറരുതെന്നും പറഞ്ഞിട്ടുണ്ട്. ഞാൻ ബാൽക്കണിയിൽ നിന്ന് അവളോട് കുറേ നേരം സംസാരിച്ചു. കഴിഞ്ഞ മുഴുവൻ ദിവസങ്ങളിലെയും കാര്യങ്ങൾ അവൾ എന്നോട് വിശദമായി പറഞ്ഞു. കുഞ്ഞീടെ കാര്യവും കുഞ്ഞാവയുടെ കാര്യവും എല്ലാം. അച്ഛന്റെ പനി മാറിയോ, ഇനി എത്ര ദിവസമെടുക്കും പനി മാറാൻ എന്നൊക്കെ ചക്കര ചോദിച്ചു. ഇനി 4 ദിവസംകൂടി വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഉടൻ തന്നെ കയ്യിലെ കുഞ്ഞു വിരലുകൾ വച്ചു കൂട്ടി നോക്കീട്ട് പറയുവാണ് അപ്പൊ ഫ്രൈഡേ ആവും അല്ലേ എന്ന്. അന്ന് മുതൽ എല്ലാ ദിവസവും ചക്കര വന്നു കോളിങ്ങ്ബെൽ അടിച്ചിട്ട് ഇതുപോലെ എന്നോട് സംസാരിക്കും.ഇന്നലെ ഞാൻ മോളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ ചോറ് കഴിച്ചോണ്ട് ഇരിക്കുകയായിരുന്നു. പിന്നെ ഞാനും മോളുംകൂടി സൊറയൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ വച്ച് കുറേനേരം അവിടെയിരുന്നു. വൈകുന്നേരം മോൾക്ക് ഓൺലൈൻ ക്ലാസ്സുണ്ട്. അതുവരെ നമ്മൾ കളിച്ചോണ്ടിരുന്നു. അവൾ എന്നെയുംകൊണ്ട് വീടിനു ചുറ്റും നടത്തിച്ചു എന്നെക്കൊണ്ട് കഥയൊക്കെ പറയിപ്പിച്ചു എന്നെ ഒരു വഴിക്കാക്കി ചക്കര
കൊറോണയുടെ പിടിയിൽ നിന്നും താൽക്കാലത്തേക്ക് ഒരു പരോൾ കിട്ടി ഇപ്പോൾ, ഇനിയും കൊറോണ പിടിക്കുമോ എന്നറിഞ്ഞൂടാ.. ഒരു മൂന്നാം തരംഗം ഉണ്ടാവും എന്നൊക്ക കേൾക്കുന്നുണ്ട്. എന്തായാലും വരുന്നിടത്തു വച്ച് കാണാം.
Paavam chakkara. Ithra naal pidichu ninnallo. Good to hear that you recovered completely and is back to work. Take care..
ReplyDelete