ഇന്ന് ബുധനാഴ്ച, തീയതി മേയ് 5, 2021. കോവിഡ് പോസിറ്റീവ് ആണെന്നുള്ള റിസൾട്ട് ഇന്നലെ രാവിലെ 10.30 ക്കു കിട്ടി. അപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നീല്ല, ഒരു പരിഭവമോ വെപ്രാളമോ ഒന്നും തോന്നീല്ല. കാരണം ഇത് ഞാൻ പ്രതീക്ഷച്ചതാണ്. അതുകൊണ്ടു മോളെ ഒരാഴ്ച മുൻപ് തന്നെ എന്റെയും അനൂന്റെയും അടുത്തന്നു അപ്പുറത്തു അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് അവളെക്കുറിച്ചു യാതൊരു ടെൻഷനും ഇല്ലായിരുന്നു. എന്നാലും അവളെ ശ്രദ്ധിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് അനൂന്റെ ഓഫീസിലെ ഒരു ചേച്ചിക്ക് കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം നമ്മൾ അറിയുന്നത്. അനു പ്രൈമറി കോൺടാക്ട്. പിന്നെ ഒന്നും ആലോചിച്ചില്ല, മോളെ ഇവിടന്നു മാറ്റി ഞാനും അനുവുംകൂടി ഹോം ക്വാറന്റൈൻ ആയി. മോൾ അപ്പുറത്തു വന്നു ബഹളം വയ്ക്കും, ഇങ്ങോട്ടു വരാൻ വേണ്ടിയൊന്നും അല്ല, ചുമ്മാ ഒരു രസത്തിനു. അപ്പോൾ നമ്മൾ ജനലിൽ കൂടി അവളെ നോക്കി കാര്യം പറയും. അപ്പോളേക്കും 'ഞാൻ പോണു, ബൈ' എന്നും പറഞ്ഞു ഒറ്റ പോക്കാണ് കളിക്കാൻ.
രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോളേക്കും എനിക്ക് ജലദോഷവും ചെറിയ പനിയും ഒക്കെ വന്നു തുടങ്ങി. ഞാൻ വിചാരിച്ചു ഉറക്കം ശരിയാവാത്തതിന്റെ ആയിരിക്കുമെന്ന്. അപ്പൊ വിചാരിച്ചു എന്തായാലും പോയി ടെസ്റ്റ് ചെയ്തേക്കാമെന്നു. അങ്ങനെ ഞാനും അനുവും കൂടി ഈ തിങ്കളാഴ്ച പോയി ടെസ്റ്റ് ചെയ്തു. ഇന്നലെ ചൊവ്വാഴ്ച രാവിലെ റിസൾട്ട് വന്നു, അവൾക്കു നെഗറ്റീവ്, എനിക്ക് പോസിറ്റീവ്. ഉടൻ തന്നെ ഞാൻ ദിശയിൽ വിളിച്ചു കാര്യം പറഞ്ഞു. ആശാ വർക്കറുമായി ബന്ധപ്പെടാൻ പറഞ്ഞു. എന്നിട്ടു ഹോം ക്വാറന്റൈൻ എന്നുള്ളത് മാറ്റി റൂം ക്വാറന്റൈൻ ആയി.
ഇന്ന് രണ്ടു ദിവസമാവുന്നു റൂം ക്വാറന്റൈൻ ആയിട്ട്. എല്ലാരും വിളിക്കുന്നുണ്ട്, കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ട്. സുഖമായിരിക്കുന്നു, വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇതുവരെയില്ല. മണം പിടിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. കൊറോണ പിടിക്കുമ്പോൾ മിനിമം അതെങ്കിലും നഷ്ടപ്പെടണ്ടേ. :)
ഈ കാലവും കടന്നു പോവും, നമ്മൾ ഇതിനെയെല്ലാം അതിജീവിക്കും. അല്ലാ പിന്നെ..!!
Comments
Post a Comment