Skip to main content

വാഗമൺ - ഒരു മധുര പ്രതികാരം

മുൻപ് നടക്കാതെപോയ പല യാത്രകളോടുമുള്ള ഒരു മധുര പ്രതികാരമായിരുന്നു ഇത്തവണത്തെ നമ്മുടെ വാഗമൺ യാത്ര. ചില യാത്രകൾ പ്ലാനിങ്ങിൽ തന്നെ ചീറ്റിപ്പോയിട്ടുണ്ട്. ഒരിക്കൽ എല്ലാം സെറ്റാക്കി നമ്മൾ യാത്ര തിരിക്കുക വരെ ചെയ്തു. പക്ഷെ ചില പ്രത്യേക സാഹചര്യത്തിൽ യാത്ര തുടങ്ങി രണ്ടുമണിക്കൂറിനകം നമുക്ക് തിരികെ പോരേണ്ടി വന്നു അന്ന്. അതുകൊണ്ടു ഇത്തവണ എന്തായാലും നമ്മൾ യാത്ര പോയിരിക്കും എന്നുള്ളത് നമ്മൾ ഓരോരുത്തരുടെയും ഉറച്ച തീരുമാനമായിരുന്നു.


നമ്മൾ ഏഴുപേർ - ഞാൻ, രഞ്ജിത്ത്, ലാലു, അജീഷ്, എബി, രഞ്ജിത് ജി പി, പിന്നെ അഭിലാഷും. എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഇത്തവണ ഒരുമിച്ചു പോയിരിക്കും എന്നൊക്കെയായിരുന്നു പ്ലാനെങ്കിലും പോവാറായപ്പോൾ ജി പി ക്കു ഒരു കുരുക്ക് വന്നു വീണു ഓഫീസിൽ. അതോടെ അവന് വരാൻ പറ്റാതായി. എന്നാലും നമ്മൾ ബാക്കി ആറുപേർ പോവാൻ തന്നെ തീരുമാനിച്ചു.

ഒരു വെള്ളിയാഴ്ച വെളുപ്പിന് 4 മണിക്ക് എന്റെ വണ്ടിയിൽ തന്നെ യാത്ര തിരിച്ചു. കാറിൽ കേറിയപ്പോൾ മുതൽ ഓരോരോ കാര്യങ്ങൾ പറഞ്ഞു പരസ്പരം കോനയടിച്ചുള്ള യാത്ര, എന്റെ പൊന്നോ... അതൊരു പ്രത്യേക രസം തന്നെയാണ്. പണ്ട് സ്‌കൂളിൽ പഠിച്ചപ്പോൾ ഉള്ള കാര്യം മുതൽ, വീട്ടുകാര്യവും നാട്ടുകാര്യവും ഇപ്പോളത്തെ ഓഫീസ് കാര്യങ്ങളും എല്ലാം കൂടി പറഞ്ഞോണ്ടുള്ള ഒരു യാത്ര. അത് അനുഭവിച്ചു തന്നെ അറിയണം. പരസ്പരമുള്ള അബദ്ധങ്ങളും ചെളിവാരിയെറിയലുകളൂം എല്ലാം...


ടൂറിന്റെ കോർഡിനേറ്റർ ഞാനായിരുന്നു, വാഗമണിൽ കുറച്ചധികം തവണ ഞാൻ പോയിട്ടുണ്ട്, ഒരുമാതിരി എല്ലാ സ്ഥലവും റൂട്ടും എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഞാൻ സ്വയം ഏറ്റെടുത്തതാ. ഒരു കോട്ടേജ് നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. ഫുഡ് എല്ലാം അവിടെ പറഞ്ഞു സെറ്റാക്കിയിരുന്നു. ഉച്ച ആയപ്പോൾ തന്നെ അവിടെ എത്തി. ഫുഡ് എല്ലാം കഴിച്ചു കുറെ നേരം നമ്മൾ സൊറയൊക്കെ പറഞ്ഞിരുന്നു വൈകുന്നേരം ആയപ്പോൾ നമ്മൾ നേരെ ഉപ്പുതറയ്ക്കു പോയി. ഒരു ഡ്രൈവ്. നല്ല രസമുള്ള ഒരു ഡ്രൈവ്. പോകുന്ന വഴിക്കു ഫോട്ടോയൊക്കെ എടുത്തു റോഡിൽ ബഹളമൊക്കെ വച്ച് ഒരു ഡ്രൈവ്. അതെല്ലാം കഴിഞ്ഞു രാത്രി റൂമിൽ വന്നു ഒന്ന് ഫ്രഷ് ആയ ശേഷം ഒരു ക്യാമ്പ് ഫയർ. അടിപൊളി ഫീൽ ആയിരുന്നു, അധികം തണുപ്പില്ലാത്ത, എന്നാൽ ഒട്ടും ചൂടില്ലാത്ത കാലാവസ്ഥ.


പിറ്റേന്ന് രാവിലെ ഫുഡ് ഒക്കെ കഴിച്ചു നമ്മൾ ഒരു ജീപ്പ് സഫാരിക്ക് പോയി. അതൊരു ഒന്നൊന്നര സഫാരി ആയിപ്പോയി. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം, ഇയാൾ നമ്മളെ കൊല്ലാൻ കൊണ്ട്പോവുകയാണോ എന്ന് വരെ തോന്നിപ്പോവുന്ന ഒരു സഫാരി ആയിരുന്നു അത്. കൊക്കയുടെ മോളിലൊക്കെ ജീപ്പ് കൊണ്ട് നിറുത്തുന്നു, വളവുകളൊക്കെ പോവുന്ന അതെ സ്പീഡിൽ പെട്ടെന്ന് വളയ്ക്കുന്നു, പോവുന്ന വഴിക്കുള്ള കമ്പ്ലീറ്റ് പൊടിയും ജീപ്പിനകത്തേക്കു അടിച്ചു കയറുന്നുണ്ട്.. ഫോട്ടോ എടുക്കാൻ വേണ്ടി ഇട്ട അടിപൊളി ഉടുപ്പൊക്കെ മൊത്തം പൊടിമയം. വെള്ളരിക്കുന്നിന്റെ ഏറ്റവും മുകളിൽ എത്തിയപ്പോളേക്കും ലാലുന്റെ കൈ തോളിന്റെ അവിടെ വച്ച് ഇളകി. പിന്നെ അത് പിടിച്ചിട്ടു നേരെയാക്കി, കുറെ ഫോട്ടോയൊക്കെ എടുത്തു തിരികെ ഉച്ച ആയപ്പോൾ റൂമിൽ എത്തി. അന്ന് വൈകുന്നേരം നമ്മൾ എല്ലാവരുംകൂടി മൊട്ടക്കുന്നും പൈൻ ഫോറെസ്റ്റും കാണാൻ പോയി. 


കൊറോണക്കാലം ആയിരുന്നിട്ടും എല്ലായിടത്തും സാമാന്യം തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു. നമ്മൾ തിരക്കില്ലാത്ത ഏരിയകൾ നോക്കിയാണ് ഓരോ സ്ഥലത്തും നടക്കുന്നതും ഇരിക്കുന്നതുമൊക്കെ. അതുകൊണ്ട് പൈൻ ഫോറെസ്റ് കാണാൻ വേണ്ടി ഞാൻ ഇവരെയുംകൊണ്ട് സാധാരണ ആൾക്കാർ പോകുന്ന സ്ഥലത്തല്ല പോയത്, പൈൻ ഫോറെസ്റ് അവസാനിക്കുന്ന ഒരു സ്ഥലമുണ്ട്. ഞാൻ അവരെയുംകൊണ്ട് അങ്ങോട്ടേയ്ക്ക് പോയി. നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഞാൻ അതിന്റെ അടുത്തുള്ള ഒരു സ്ഥലത്തു താമസിച്ചിട്ടുണ്ട്. മൊട്ടക്കുന്നിന്റെ മുന്നിലൂടെ ഏകദേശം 6 കിലോമീറ്റർ പോവുമ്പോഴാണ് ഞാൻ പറഞ്ഞ ഈ സ്ഥലം.പോകുന്ന വഴിയും അടിപൊളിയാണ്. ഒരു പാറ തുരന്ന് നടുക്കൂടെ ഒരു റോഡൊക്കെയുണ്ട്. അവിടെ വണ്ടി പാർക്ക് ചെയ്ത ശേഷം നമ്മൾ പൈൻ ഫോറെസ്റ്റിലേക്ക് നടന്നു. അപ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു. മൂന്നോ നാലോ പേർ മാത്രമേ അവിടെ ആ സമയത്തു ഉണ്ടായിരുന്നുള്ളു. അടിപൊളി അന്തരീക്ഷം. അപ്പോഴാണ് അഭിലാഷിന് ഒരു സിനിമാ സ്റ്റൈൽ വീഡിയോ പിടിക്കണമെന്ന് പറയുന്നത്. ഒരു സംഘട്ടനം ആണ് ചിത്രീകരിക്കേണ്ടത്. ലാലുവും എബിയും കൂടി അടികൂടുന്നു, ലാലുവിനെ എബി എടുത്തു തൂക്കിയെറിയുന്നു, അതിനിടയിലേക്ക് ഞാനും രഞ്ജിത്തും കേറി വരികയും, പൊരിഞ്ഞ അടി നടക്കുകയും ചെയ്യുന്നു. ഇതാണ് സീൻ. എന്നിട്ടു അവസാനം ഞാനും ലാലുവും കാറിൽ കയറി രക്ഷപ്പെടുന്നു. എന്റെ പൊന്നോ, ചിരിച്ചു ചിരിച്ചു മരിച്ചു ഇത് ചിത്രീകരിച്ചപ്പോൾ. കൊലമാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ്. അതിന്റെ ഇടയിലൂടെ അജീഷിനെ കളിയാക്കി കൊല്ലുകയും ചെയ്തു. ഒരു രസം തന്നെയായിരുന്നു ആ പൈൻ ഫോറെസ്റ്റ് സന്ദർശനം.

പിറ്റേന്ന് രാവിലെ റൂം വെക്കേറ്റ് ചെയ്തു മടങ്ങാറായപ്പോൾ എല്ലാർക്കും ഒരു ഫീൽ, ടൂർ തീർന്നല്ലോ എന്നുള്ള ഒരു ഫീൽ. എന്തായാലും ഇതുവരെ വരാൻ പറ്റാതിരുന്നതിന്റെ വിഷമം ഈ  മൂന്നു ദിവസംകൊണ്ടു തീർത്തു. അത്രയ്ക്ക് എൻജോയ് ചെയ്ത ഒരു യാത്ര ആയിരുന്നു ഇത്. ഒരു മധുര പ്രതികാരം എന്ന് തന്നെ പറയാം. ഇനിയും ഇതുപോലുള്ള യാത്രകൾ നമ്മൾ എല്ലാരും ഒരുമിച്ചു, ജി പി അളിയൻ ഉൾപ്പെടെ പോവാൻ പറ്റട്ടെ.

Comments

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം

എന്റെ ആദ്യ പോസ്റ്റിങ്ങ്‌ ആണ് ഇത്... എല്ലാര്‍ക്കും ബ്ലോഗ്‌ ഉണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു എല്ലാര്‍ക്കും ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കും ഒരെണ്ണം ആയിക്കൂടാ... ആ ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്നതാണ്‌ എന്റെ ഈ ബ്ലോഗ്‌. അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം. പിന്നെ ബ്ലോഗിന്റെ പേര് കണ്ടു ആരും ഞെട്ടണ്ട.. പനങ്ങോട് എന്നുള്ളത് ഞാന്‍ ജീവിക്കുന്ന എന്റെ കൊച്ചു ഗ്രാമം ആണ്.. വളരെ മനോഹരമായ ഒരു കൊച്ചു പ്രശാന്ത സുന്ദരമായ സ്ഥലം. എല്ലാര്‍ക്കും അറിയാവുന്ന ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളം ബീച്ചിനു അടുത്താണ് ഈ ഗ്രാമം. ആ ഗ്രാമത്തിലെ ഒരു കൊച്ചു വലിയ മനുഷ്യന്‍ ആണ് ഈ പനങ്ങോടന്‍ എന്ന ഞാന്‍... ബാക്കിയൊക്കെ പിന്നെ എഴുതാം, ആദ്യം ബ്ലോഗില്‍ വല്ലതും പതിഞ്ഞാന്നു നോക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം പനങ്ങോടന്‍

കൊറോണക്കാലം - പരോളും കിട്ടി, മോളെയും കിട്ടി

നീണ്ട 23 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിനു ശേഷം ഇന്നലെ വീടിനു പുറത്തിറങ്ങി. കോവിഡ് നെഗറ്റീവ് ആയിട്ട് 8 ദിവസങ്ങൾ കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കപ്പുകളും ഫ്ലാസ്കും എല്ലാം നല്ല ചൂടു വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തു. തുണികൾ എല്ലാം കഴുകാനായി സോപ്പുവെള്ളത്തിൽ ഡെറ്റോളും കൂടെയിട്ട് മുക്കിവച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീട് ഡിസിൻഫക്റ്റ് ചെയ്യാനായി ആള് വന്നു. വീട് മൊത്തം സാനിറ്റൈസ് ചെയ്ത ശേഷം ഫ്യുമിഗേഷൻ നടത്തി. എല്ലാ ജനലും വാതിലും അടച്ച ശേഷമാണ് അത് ചെയ്യുന്നത്. വീട് മൊത്തം പുകകൊണ്ട് നിറഞ്ഞു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞു എല്ലാ ജനലുകളും വാതിലുകളും തുറന്നിട്ടാൽ പുക പുറത്തു പൊയ്ക്കോളും. എന്റെ കാറും ഫ്യുമിഗേഷൻ ചെയ്തു. ഇതെല്ലാം കഴിഞ്ഞു ഞാൻ കുളിച്ചു റെഡിയായി മോളുടെ അടുത്തേക്ക് പോയി. മൂന്നാഴ്ചയിൽ കൂടുതലായി മോളോട് ഒന്ന് ശെരിക്കു സംസാരിച്ചിട്ട്. മോൾ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പിന്നെ കുഞ്ഞമ്മയുടേയുമൊക്കെ അടുത്താണ് ഇത്രയും ദിവസം നിന്നത്. അനു മിക്കവാറും ചോദിക്കും അവളെ വീഡിയോ കാൾ ചെയ്തൂടെ എന്ന്. ഞാൻ ചെയ്തില്ല. വീഡിയോ കാൾ ചെയ്തുകണ്ടാൽ പിന്നെ ചിലപ്പോൾ നേരിൽ കാണണമെന്ന് ...