Skip to main content

കൊറോണക്കാലം - പരോളും കിട്ടി, മോളെയും കിട്ടി

നീണ്ട 23 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിനു ശേഷം ഇന്നലെ വീടിനു പുറത്തിറങ്ങി. കോവിഡ് നെഗറ്റീവ് ആയിട്ട് 8 ദിവസങ്ങൾ കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കപ്പുകളും ഫ്ലാസ്കും എല്ലാം നല്ല ചൂടു വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തു. തുണികൾ എല്ലാം കഴുകാനായി സോപ്പുവെള്ളത്തിൽ ഡെറ്റോളും കൂടെയിട്ട് മുക്കിവച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീട് ഡിസിൻഫക്റ്റ് ചെയ്യാനായി ആള് വന്നു. വീട് മൊത്തം സാനിറ്റൈസ് ചെയ്ത ശേഷം ഫ്യുമിഗേഷൻ നടത്തി. എല്ലാ ജനലും വാതിലും അടച്ച ശേഷമാണ് അത് ചെയ്യുന്നത്. വീട് മൊത്തം പുകകൊണ്ട് നിറഞ്ഞു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞു എല്ലാ ജനലുകളും വാതിലുകളും തുറന്നിട്ടാൽ പുക പുറത്തു പൊയ്ക്കോളും. എന്റെ കാറും ഫ്യുമിഗേഷൻ ചെയ്തു. ഇതെല്ലാം കഴിഞ്ഞു ഞാൻ കുളിച്ചു റെഡിയായി മോളുടെ അടുത്തേക്ക് പോയി.

മൂന്നാഴ്ചയിൽ കൂടുതലായി മോളോട് ഒന്ന് ശെരിക്കു സംസാരിച്ചിട്ട്. മോൾ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പിന്നെ കുഞ്ഞമ്മയുടേയുമൊക്കെ അടുത്താണ് ഇത്രയും ദിവസം നിന്നത്. അനു മിക്കവാറും ചോദിക്കും അവളെ വീഡിയോ കാൾ ചെയ്തൂടെ എന്ന്. ഞാൻ ചെയ്തില്ല. വീഡിയോ കാൾ ചെയ്തുകണ്ടാൽ പിന്നെ ചിലപ്പോൾ നേരിൽ കാണണമെന്ന് തോന്നിയാലോ, അതുകൊണ്ടു ഞാൻ വീഡിയോ കോളൊന്നും ചെയ്തില്ല. പക്ഷേ കോവിഡ് നെഗറ്റീവ് ആയപ്പോൾ ഞാനൊന്നു വിളിച്ചു അവളെ. ഒരുപാട് സംസാരിക്കാനൊന്നും അവൾക്ക് താല്പര്യമില്ലായിരുന്നു അപ്പോൾ. പെട്ടെന്ന് തന്നെ പൊയ്ക്കളഞ്ഞു അവൾ. ഈ തിങ്കളാഴ്ച ഞാൻ ജോലിക്ക് ജോയിൻ ചെയ്തു വീണ്ടും, വർക്ക്‌ ഫ്രം ഹോം ആണല്ലോ ഇപ്പോൾ. കുറെ നേരം കഴിഞ്ഞപ്പോൾ ആരോ വീടിന്റ കോളിങ്ങ്ബെൽ അടിക്കുന്നത് കേട്ടു. ഞാൻ ബാൽക്കണിയിൽ നിന്നും താഴോട്ട് നോക്കിയപ്പോൾ കണ്ടത് മോളെയാണ്. ചക്കര എന്നോട് സംസാരിക്കാൻ വന്നു നിൽക്കുവാണ്. എനിക്ക് പനിയാണെന്നാണ് മോളോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വീട്ടിൽ കയറരുതെന്നും പറഞ്ഞിട്ടുണ്ട്. ഞാൻ ബാൽക്കണിയിൽ നിന്ന് അവളോട് കുറേ നേരം സംസാരിച്ചു. കഴിഞ്ഞ മുഴുവൻ ദിവസങ്ങളിലെയും കാര്യങ്ങൾ അവൾ എന്നോട് വിശദമായി പറഞ്ഞു. കുഞ്ഞീടെ കാര്യവും കുഞ്ഞാവയുടെ കാര്യവും എല്ലാം. അച്ഛന്റെ പനി മാറിയോ, ഇനി എത്ര ദിവസമെടുക്കും പനി മാറാൻ എന്നൊക്കെ ചക്കര ചോദിച്ചു. ഇനി 4 ദിവസംകൂടി വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഉടൻ തന്നെ കയ്യിലെ കുഞ്ഞു വിരലുകൾ വച്ചു കൂട്ടി നോക്കീട്ട് പറയുവാണ് അപ്പൊ ഫ്രൈഡേ ആവും അല്ലേ എന്ന്. അന്ന് മുതൽ എല്ലാ ദിവസവും ചക്കര വന്നു കോളിങ്ങ്ബെൽ അടിച്ചിട്ട് ഇതുപോലെ എന്നോട് സംസാരിക്കും.

ഇന്നലെ ഞാൻ മോളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ ചോറ് കഴിച്ചോണ്ട് ഇരിക്കുകയായിരുന്നു. പിന്നെ ഞാനും മോളുംകൂടി സൊറയൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ വച്ച് കുറേനേരം അവിടെയിരുന്നു. വൈകുന്നേരം മോൾക്ക് ഓൺലൈൻ ക്ലാസ്സുണ്ട്. അതുവരെ നമ്മൾ കളിച്ചോണ്ടിരുന്നു. അവൾ എന്നെയുംകൊണ്ട് വീടിനു ചുറ്റും നടത്തിച്ചു എന്നെക്കൊണ്ട് കഥയൊക്കെ പറയിപ്പിച്ചു എന്നെ ഒരു വഴിക്കാക്കി ചക്കര 😍

കൊറോണയുടെ പിടിയിൽ നിന്നും താൽക്കാലത്തേക്ക് ഒരു പരോൾ കിട്ടി ഇപ്പോൾ, ഇനിയും കൊറോണ പിടിക്കുമോ എന്നറിഞ്ഞൂടാ.. ഒരു മൂന്നാം തരംഗം ഉണ്ടാവും എന്നൊക്ക കേൾക്കുന്നുണ്ട്. എന്തായാലും വരുന്നിടത്തു വച്ച് കാണാം. 

Comments

  1. Paavam chakkara. Ithra naal pidichu ninnallo. Good to hear that you recovered completely and is back to work. Take care..

    ReplyDelete

Post a Comment

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...